രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പദ്‌മഭൂഷൺന്റെ നിറവിലാണ് മലയാളത്തിന്റെ അഭിമാനം മോഹൻലാൽ. മലയാള സിനിമയ്‌ക്ക് അകത്തും പുറത്തുനിന്നുമെല്ലാം ആശംസപ്രവാഹമാണ് ലാലിനെ തേടിയെത്തുന്നത്. ഇതിനെല്ലാം സ്വതസിദ്ധമായ രീതിയിൽ തന്നെ നന്ദിയും മഹാനടൻ രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് സുരേഷ് കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. തിരുവനന്തപുരം ന്യൂ തിയേറ്ററിൽ എത്തിയപ്പോഴാണ് മോഹൻലാൽ ആരാധകർക്കൊപ്പം പ്രിയ സുഹൃത്തിന്റെ നേട്ടം സുരേഷ് കുമാറും ഭാര്യയും അഭിനേത്രിയുമായ മേനക സുരേഷ് കുമാറും മധുരം കഴിച്ച് പങ്കുവച്ചത്.
ലാലിനെ പദ്‌മഭൂഷൺ കിട്ടുമെന്നത് പ്രതീക്ഷിച്ചിരുന്ന കാര്യം തന്നെയായിരുന്നുവെന്നാണ് സുരേഷ് കുമാർ പ്രതികരിച്ചത്. 'ലാലിന് പദ്‌മഭൂഷൺ കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പദ്‌മശ്രീ കിട്ടിയപ്പോൾ ഞങ്ങളെല്ലാവരും ഒരുമിച്ച് ഒരേ സ്ഥലത്ത് പ്രിയന്റെ കാക്കക്കുയിലിന്റെ സെറ്റിൽ ഉണ്ടായിരുന്നു. ഇന്നലെ ഞാൻ ലാലിനെ കൺഗ്രാജുലേറ്റ് ചെയ്യാൻ വിളിച്ചപ്പോൾ പറഞ്ഞു, ഇപ്രാവശ്യം ഞാനില്ല പകരം എന്റെ രണ്ടു മക്കളു അവിടെയുണ്ട് എന്ന്. എന്തായാലും വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്' - സുരേഷ് കുമാർപറഞ്ഞു. 'ഞങ്ങളെ സ്വന്തം ആളല്ലേ, ഇതിനേക്കാളേറെ വേറെ എന്താ സന്തോഷം' എന്നായിരുന്നു മേനകയുടെ പ്രതികരണം.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരക്കാർ അറബക്കടലിന്റെ സിംഹം' എന്ന സിനിമ ഷൂട്ടിങ്ങിനിടെയാണ് പത്മഭൂഷൺ ലഭിച്ച വിവരം മോഹൻലാൽ അറിയുന്നത്. 40 വർഷമായി സിനിമയിൽ തുടരുന്ന ഒരാളെന്ന നിലയിൽ ഈ പുരസ്‌കാരം ലഭിച്ചതിന് തന്റെ ആരാധകരോടും പ്രേക്ഷകരോടും താരം നന്ദി അറിയിച്ചു.