chithra-therssa-john

തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസിൽ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിര വകുപ്പുതല അന്വേഷണം. പാർട്ടിയെ അപമാനിക്കുന്നതിന് റെയ്ഡ് നടത്തിയെന്ന സി.പി.എമ്മിന്റെ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് നാളെ റിപ്പോർട്ട് സമർപ്പിക്കാനാണ് സാദ്ധ്യത.

വ്യാഴാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു ചൈത്ര തെരേസയുടെ നേതൃത്വത്തിൽ പൊലീസ് സി.പി.എം ഓഫീസിൽ റെയ്ഡ് നടത്തിയത്. വിവാദമായതോടെ സംഭവം അന്വേഷിക്കാൻ കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ ഉത്തരവിട്ടു. ആർ.ആദിത്യ ശബരിമല ഡ്യൂട്ടിയിലായതിനാലാണ് ചൈത്രയ്ക്ക് ചുമതല നൽകിയിരുന്നത്. ഇന്നലെ തന്നെ ഡി.സി.പിയുടെ അധിക പദവി ചൈത്ര ഒഴിഞ്ഞു. നിലവിൽ ചൈത്ര കന്റോൺമെന്റ് എ.സി.പിയാണ്.

ഭരണ സിരാകേന്ദ്രത്തിലെ പാർട്ടി ജില്ലാ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തിയത് രാഷ്ട്രീയക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളായ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ തിരഞ്ഞാണ് പൊലീസ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. പ്രതികളുടെ വീടുകളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. പ്രതികളിലൊരാളെ ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിരുന്നു.പൊലീസ് എത്തുമ്പോൾ ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്‌പേർ മാത്രമേ ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു.

തുടർന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഡി.ജി.പിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി ചൈത്രയോടു വിശദീകരണം ചോദിച്ചിരുന്നു.തനിക്കു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് ‌ഡ‌ി.ജി.പിയോടും മുഖ്യമന്ത്രിയോടും ചൈത്ര മറുപടി നൽകിയതെന്നാണ് അറിയുന്നത്.