narendra-modi-tamilnadu-v

ചെന്നൈ: മധുരയിലെ ആൾ ഇന്ത്യാ മെഡിക്കൽ സയൻസി (എയിംസ്)ന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ ഞായറാഴ്‌ച തമിഴ്നാട്ടിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യത്യസ്ത രീതിയിലുള്ള സ്വീകരണം ഒരുക്കി തമിഴ് ജനതയുടെ പ്രതിഷേധം. ഗോബാക്ക് മോദി എന്ന ഹാഷ്‌ടാഗിൽ പോസ്‌റ്റുകളിട്ടാണ് പ്രതിഷേധം. ഏതാണ്ട് മൂന്ന് ലക്ഷം പേരെ ഭവനരഹിതരാക്കിയ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ തിരിഞ്ഞ് നോക്കാത്ത പ്രധാനമന്ത്രി ഇപ്പോൾ വരേണ്ടെന്നാണ് ഇവരുടെ നിലപാട്. ഏറെ നേരമായി ട്വിറ്ററിലും ഫേസ്ബുക്കിലും ഗോ ബാക്ക് മോദിയെന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗ് ലിസ്‌റ്റിൽ ഇടം പിടിച്ചതും പ്രതിഷേധത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കുന്നു. എന്നാൽ ഇതിന് ബദലായി വെൽക്കംമോദി എന്ന ഹാഷ്‌ടാഗിലും നിരവധി പോസ്‌റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

തൂത്തുക്കുടി സ്‌റ്റെർലൈറ്റ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രിയുടെ മൗനം, കാവേരി ജലത്തർക്കത്തിൽ കേന്ദ്രം കർണാടകയോട് കാണിക്കുന്ന അനുകൂല നിലപാട്, നീറ്റ് പരീക്ഷയിൽ തമിഴ്നാടിന്റെ ആശങ്കകൾ പരിഹരിക്കാത്തത് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അതേസമയം, പ്രതിഷേധത്തിന് പിന്നിൽ ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണെന്ന് ബി.ജെ.പി ആരോപിച്ചു. പണം കൊടുത്തിട്ടുള്ള ക്യാംപയിനാണ് ഇതിന് പിന്നിലെന്ന് തങ്ങൾക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഇക്കാര്യം കാര്യമായി എടുക്കുന്നില്ലെന്നും ബി.ജെ.പി വക്താവ് തിരുപ്പതി നാരായണൻ പ്രതികരിച്ചു. എന്നാൽ ഇതിന് പിന്നിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ജനങ്ങളുടെ പ്രതിഷേധമാണ് ഇതിന് പിന്നിലെന്നും ഡി.എം.കെ നേതൃത്വം അറിയിച്ചു.രണ്ട് വർഷം മുമ്പ് തുടങ്ങിയ എയിംസിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വലിയൊരു ചടങ്ങാക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം മാത്രമാണിതെന്നും ഡി.എം.കെ നേതൃത്വം കൂട്ടിച്ചേർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ മധുരയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്നും ഡി.എം.കെ നേതൃത്വം കൂട്ടിച്ചേർത്തു.

മധുരയിലെ പരിപാടി കഴിഞ്ഞ് കൊച്ചി നാവികസേനാ വിമാനത്താളത്തിൽ ഉച്ചയ്‌ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്ളാന്റ് ഉദ്‌ഘാടനം ചെയ്യും. നാവികസേനാ വിമാനത്താളത്തിൽ നിന്നും ഹെലികോപ്‌ടറിൽ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാർഗമാണ് കൊച്ചി റിഫൈനറിയിൽ എത്തുക. പിന്നീട് വൈകിട്ട് 4.15ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ യുവമോർച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. തുടർന്ന് നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന മോദി വൈകിട്ട് അ‌ഞ്ച് മണിയോടെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.