padma-award

തിരുവനന്തപുരം: നമ്പി നാരയാണന് പത്മ അവാർഡ് നൽകിയതിനെ വിമർശിച്ച മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. നമ്പി നാരായണന് അവാർഡ് നൽകിയത് നമ്മൾ ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അംഗീകാരം കിട്ടുമ്പോൾ വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡി.എൻ.എ പ്രശ്നമാണ്. സെൻകുമാർ ബി.ജെ.പി അംഗമല്ലെന്നും അഭിപ്രായം പറയാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ലെന്നുമാണ് ടി.പി സെൻകുമാർ പറഞ്ഞിരുന്നത്. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാർശ ചെയ്തത്. അവർ തന്നെ ഇതിൽ വിശദീകരണം നൽകണമെന്നും ടി.പി സെൻകുമാർ ആവശ്യപ്പെട്ടിരുന്നു.

ഐ.എസ്.ആർ.ഒയിൽ നടന്ന കാര്യങ്ങൾ എന്താണെന്ന് കണ്ടുപിടിക്കാൻ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ വച്ചിരിക്കുകയാണ്. അത്തരത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രധാനപ്പെട്ട സുപ്രീം കോടതിയുടെ വിധി തന്നെ ഇരിക്കെ എങ്ങനെയാണ് ആ സമിതി കണ്ടെത്തൽ നടത്തുന്നതിന് മുൻപ് ഇങ്ങനെയൊരു അവാർഡ് അദ്ദേഹത്തിന് നൽകാൻ ശുപാർശ ചെയ്യുന്നത് എങ്ങനെയാണെന്ന് ടി.പി സെൻകുമാർ ചോദിച്ചിരുന്നു.

സംഭവത്തിൽ വ്യാപകമായി പ്രതിഷേധമാണ് ഉയർന്നത്. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ ബി.ജെ.പി മറുപടി പറയണമെന്നും അദ്ദേഹം ബി.ജെ.പിയുമായി സഹകരിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരം പ്രസ്താവനകൾ നടത്താൻ തുടങ്ങിയതെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

എന്നാൽ ടി.പി. സെൻകുമാറിന്റെ പരാമർശങ്ങൾക്ക് ബി.ജെ.പി. മറുപടി പറയേണ്ടതില്ലെന്നായിരുന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ പ്രതികരണം. നമ്പി നാരായണനെ ശുപാർശ ചെയ്തവരാണ് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.