പരിഹസിച്ചവർക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ശബരിമല കർമ്മസിമിതിയുടെ ശതം സമർപ്പയാമി ചലഞ്ചിനെ അനുകൂലിച്ച് 51,000 രൂപ സന്തോഷ് നൽകിയിയിരുന്നു, ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തനിക്ക് കടുത്ത വിമർശമാണ് ഏൽക്കേണ്ടി വന്നതെന്നും, തന്നെ വിമർശിച്ചവർക്കുള്ള മറുപടിയെന്നോണം ഇപ്പോൾ വീണ്ടും ഒരു ലക്ഷം രൂപ കൂടി ശതം സമർപ്പയാമിക്ക് നൽകുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
'ഇത് എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. വിമർശകർക്ക് വേണ്ടിയാണ് ഇത് കൂടി കൊടുക്കുന്നത്. അഞ്ച് ലക്ഷം കൊടുക്കണമെന്നുണ്ടായിരുന്നു. കൈയിൽ പൈസ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് 51,000 കൊടുത്തത്. ഇതാണ് സത്യം. ഇപ്പോൾ ഞാൻ മൊത്തം 1,51,000കൊടുത്തു. ചിലർ കാരണം 12 മണിക്കൂറൊക്കെ ഹർത്താലുണ്ടായിട്ടുണ്ട്. അതൊന്നും സന്തോഷേട്ടനറിഞ്ഞില്ലേ എന്നാണ് പലരുടെയും ചോദ്യം. ഈ പറഞ്ഞിരിക്കുന്നത് 48 മണിക്കൂർ ഹർത്താൽ നടത്തിയവരും ബേക്കറിയൊക്കെ കുത്തി തുറന്നവരുമൊക്കെയാണ്- സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധ ഹർത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുള്ള ചലഞ്ചിന് ശബരിമല കർമ്മസമിതി തുടക്കമിട്ടത്.