തിരുവനന്തപുരം: പത്മ പുരസ്‌ക്കാരം ലഭിച്ച ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ രൂക്ഷവിമർശനം നടത്തിയ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കോഴിക്കോട് സ്വദേശിയായ നൗഷാദാണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കും നൽകിയത്.പത്മ പുരസ്‌ക്കാര ജേതാവായ ഒരാളെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസമാണ് സെൻകുമാർ നമ്പി നാരായണനെതിരെ വൻ വിമർശനം ഉന്നയിച്ചത്. നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ലെന്നും ടി.പി സെൻകുമാർ പറഞ്ഞു. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാർശ ചെയ്തത്. അവർ തന്നെ ഇതിൽ വിശദീകരണം നൽകണമെന്നും ടി.പി സെൻകുമാർ ആവശ്യപ്പെട്ടു.
എന്നാൽ സെൻകുമാറിന്റെ പരാമർശത്തിൽ വൻ വിമർശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയർന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ വിഷയത്തിൽ പ്രതികരിക്കാൻ ബി.ജെ.പി നേതൃത്വവും തയ്യാറായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന സെൻകുമാറിനെതിരെ നിലപാടെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ സെൻകുമാറിനെ പിന്തുണച്ചാൽ അത് നമ്പി നാരായണനെതിരായ വിമർശനമായി വിലയിരുത്തപ്പെടുമെന്നും നേതൃത്വം കരുതുന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ തന്ത്രപരമായ മൗനം പാലിക്കാനാണ് ബി.ജെ.പി തീരുമാനമെന്നാണ് അറിയുന്നത്. വിഷയത്തിൽ സെൻകുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് സി.പി.എം നേതൃത്വം പ്രതികരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.