actress-attacking-case

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ച് അമ്മ അംഗങ്ങൾക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തിൽ നിലപാടെടുക്കാൻ കഴിയാത്തതെന്ന് നടനും അമ്മ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബൻ പറഞ്ഞു. നടി അമ്മയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സംഘടന അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ കുറ്റാരോപിതനായ ആൾ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യം കണക്കിലെടുക്കണമെന്നും ഇക്കാര്യത്തിൽ കോടതി വിധി വന്നാൽ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാൻ സാധിക്കുമെന്നും കുഞ്ചാക്കോ കൂട്ടിച്ചേർത്തു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തിൽ സംശയമില്ല. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴിക്കേൾക്കേണ്ടി വരാമെന്നാണ് അമ്മയ്‌ക്കെതിരായ വിമർശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം.