നിർവചിച്ചു തീർക്കാനാവാത്ത മൂല്യങ്ങളിൽ പ്രധാനമായ ഒന്നാണ് ഭക്തി. നിർവചനാതീതമായ ഭക്തിയുടെ പൊരുളെന്തെന്ന് അറിയാതെയാണ് വാസ്തവത്തിൽ ഇന്ന് ഭക്തന്മാരധികവും ആരാധനാലയങ്ങൾതോറും കയറിയിറങ്ങുന്നത്. നമുക്ക് ആവശ്യമായതും ആഗ്രഹമായതും സാധ്യമാക്കി കിട്ടുന്നതിന് ഭക്തി ഉത്തമ സാധനാ മാഗമാണെന്നു ധരിച്ചിട്ടുള്ളവരാണ് അധികവും. അവർക്കു ഭക്തി അഭീഷ്ടസിദ്ധിക്കായുള്ള ഒരു ഉപാധി മാത്രമായി ചുരുങ്ങിയിരിക്കുന്നു. പ്രാർത്ഥനകളും നിവേദ്യങ്ങളും ഉപാസനകളുമെല്ലാം കാര്യസിദ്ധിപ്രധാനമായ ദൈവികപ്രസാദത്തിനുവേണ്ടിയുള്ള വഴിപാടായി പരിമിതപ്പെടുന്നത് അതുകൊണ്ടാണ്. വഴിപാടിന്റെ പ്രതിഫലമായി ലഭിക്കുന്ന ഭഗവദ്പ്രസാദമാണ് ജീവിതത്തിന്റെ എല്ലാ ഉയർച്ചകൾക്കും വേണ്ടതെന്ന വിശ്വാസം ഭക്തരിൽ ഉറച്ചിട്ടുണ്ട്.
ഈ വിശ്വാസത്തിന്റെ അടിസ്ഥാനം തീരെ ബലമില്ലാത്തതാണ്. കാരണം എന്തിന്റെയെങ്കിലും പ്രതിഫലമായി ഇച്ഛിക്കുന്നതോ ലഭിക്കുന്നതോ ആയ യാതൊന്നും പ്രസാദമാവുകയില്ല. ഈ വിധമുള്ള പ്രസാദത്തിനായി പ്രാർത്ഥിക്കുന്ന ഭക്തന്റെ ഭക്തി ഭക്തിയുമല്ല. അതു കേവലമൊരു ഭക്തിഭാവം മാത്രമാണ്. ഭാവത്തിനു പൊരുളുമായി ആത്മബന്ധമുണ്ടായിരിക്കുകയില്ല. കഥകളി നടൻ നടനത്തിന്റെ ഭാഗമായി നടിക്കുന്ന ശൃംഗാരം, ഹാസ്യം, രൗദ്രം, വീരം, കരുണം തുടങ്ങിയ നവരസങ്ങളെല്ലാം തന്നെ വെറും ഭാവങ്ങൾ മാത്രമാണ്. ആ ഭാവങ്ങൾക്കു നടനായ വ്യക്തിയുടെ യഥാർത്ഥ സ്വഭാവവുമായി എപ്രകാരമാണോ ആത്മബന്ധമില്ലാതിരിക്കുന്നത് അപ്രകാരമാണ് ഭക്തിഭാവത്തിന് യഥാർത്ഥഭക്തിയുമായി ആത്മബന്ധമില്ലാതിരിക്കുന്നതും.
ഇങ്ങനെയൊരു തത്ത്വവിചാരം ചെയ്യുന്നതായാൽ ഭക്തന്മാരായി കാണപ്പെടുന്നവരിൽ നല്ലൊരു ശതമാനം പേരുടെയും ഭക്തിയെന്നത് വെറും ഭക്തിഭാവം മാത്രമാണെന്നു വിലയിരുത്താനാവും. ചിലർക്കു ചില ആരാധനാകേന്ദ്രങ്ങളോട് സന്ദർഭത്തിനും സാഹചര്യത്തിനും വിധേയമായി ഭക്തിയുണ്ടാവുക സാധാരണമാണ്. സന്ദർഭത്തിനും സാഹചര്യത്തിനും മാറ്റമുണ്ടാകുമ്പോൾ ആരാധനാ കേന്ദ്രത്തോടുണ്ടായിരുന്ന ഭക്തിയുടെ അളവിലും മാറ്റമുണ്ടാകും. ഒരിടത്ത് മാത്രമായി ഒരാളുടെ ഭക്തി ഉറച്ചു നിൽക്കാതിരിക്കുന്നത് ഇതിനുദാഹരണമാണ്. എന്നാൽ യഥാർത്ഥ ഭക്തിയെന്നത് ഒരു കാലത്തും ഒരു നേരത്തും മാറ്റം ചെയ്യപ്പെടാനാവുന്നതല്ല.
എപ്പോഴും ഭഗവദ്ഭജനം നടത്തുന്ന ഭക്തന്റെ ഭക്തി ശരിയായ ഭക്തിയാണോ ഭക്തിഭാവമാണോ എന്നൊരു സന്ദേഹം ന്യായമായും ഉന്നയിക്കാവുന്നതാണ്. വാസ്തവത്തിൽ അതിന് ഒരുത്തരം ചുരുക്കിപ്പറയുക എളുപ്പമല്ല. സന്ദേഹനിവാരണത്തിനു സഹായിക്കുന്ന ചില കാര്യങ്ങൾ മാത്രം പറയാം.
ഭക്തി പ്രധാനമായും രണ്ടുവിധമുണ്ട്. ഒന്ന് അന്യമായ ഭക്തി, മറ്റൊന്ന് അനന്യമായ ഭക്തി. അന്യമായ ഭക്തിയെ ഗ്രഹിച്ചുനടക്കുന്ന ഭക്തന്മാരാണു ഇന്നധികവും. എന്തെന്നാൽ അവർക്ക് അവരുടെ ഭക്തികൊണ്ട് പൂർണ സംതൃപ്തി ശാശ്വതമായി അനുഭവിക്കാനാകുന്നില്ല. ശാശ്വതമായ സംതൃപ്തിയും ശാന്തിയും തേടി അവർ ആരാധനാലയങ്ങൾ തോറും ഓടിനടക്കുകയാണ്. ഒരിടത്തും സ്ഥിരമായി ഉറയ്ക്കാൻ അവരുടെ ഭക്തി അവരെ അനുവദിക്കുന്നില്ല. ആരാധനാകേന്ദ്രങ്ങളും ആരാധനാമൂർത്തികളും പ്രാർത്ഥനാമന്ത്രങ്ങളും നിവേദ്യങ്ങളുമൊക്കെ മാറിമാറി പരീക്ഷിച്ചിട്ടും അവരുടെ ഓട്ടം നിലയ്ക്കുന്നതായി കാണുന്നുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഭക്തി ഭക്തനിൽ നിന്നന്യമായി ഇരിക്കുന്നതു കൊണ്ടാണിത്. അന്യമായി ഇരിക്കുകയെന്നാൽ വേറിട്ടതായി ഇരിക്കുക എന്നാണർത്ഥം. അതായത് ആത്മസംബന്ധിയല്ലാതിരിക്കുന്നത് എന്ന് ചുരുക്കിപ്പറയാം. വിശ്വാസവും അവിശ്വാസവും മാറിമാറി തെളിയുന്നതും മറയുന്നതും അന്യഭക്തിയുമായി നടക്കുന്ന ഭക്തന്മാരിലാണ്. അവർ വിശ്വാസത്തിന്റെയും ഭക്തിയുടെയും പേരിൽ അഭിമാനിക്കുകയും മറ്റുള്ളവരെ അപമാനിക്കുകയും ചെയ്യും. മറ്റു ചിലപ്പോൾ ഒരുമിക്കുകയും കലഹിക്കുകയും ചെയ്യും. പക്ഷേ ഇതൊന്നും സ്ഥിരമായി നിൽക്കുന്നവയായിരിക്കുകയുമില്ല. കാറ്റ് വീശുംപോലെ അവരുടെ ഭക്തിയും ചിന്തകളും ദിശയും മാറിക്കൊണ്ടിരിക്കും. അവർ ഒരിക്കലും പ്രസാദചിത്തരായിത്തിരുകയില്ല.
എന്നാൽ അനന്യമായ ഭക്തി ഉള്ളവനാകട്ടെ എപ്പോഴും പ്രസാദചിത്തനായി ഇരിക്കുന്നു. അവൻ പുഞ്ചിരിച്ചില്ലെങ്കിലും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നവനായി കാണപ്പെടുന്നു. അവൻ ഭക്തിയെ പ്രകടിപ്പിക്കുകയോ പ്രകാശിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഭക്തി അവനിൽ പ്രകാശിച്ച് നില്ക്കുന്നു. അവൻ ഭഗവദ്പ്രസാദത്തിനായി അപേക്ഷിക്കുകയോ ഓടിനടക്കുകയോ ചെയ്യുന്നില്ല. എന്നാൽ അവൻ ഭഗവദ്പ്രസാദത്താൽ ശാന്തനായും ആനന്ദനിർവൃതനായും ഇരിക്കുന്നു. എന്തുകൊണ്ടെന്നാൽ അവൻ ജിതമാനസനും ജിതകാമനും ജിതകോപനും ജിതാശനുമായിരിക്കുന്നു. അതാണ് യഥാർത്ഥഭക്തിയുടെ അഥവാ അനന്യഭക്തിയുടെ സ്വഭാവമെന്നത്.
എപ്പോഴെല്ലാമാണോ ഒരുവന് മനസിനെ ജയിക്കാനാവുന്നത്, വികാരങ്ങളെ ജയിക്കാനാവുന്നത്, കോപത്തെ ജയിക്കാനാവുന്നത്, ആഗ്രഹങ്ങളെ ജയിക്കാനാവുന്നത് അപ്പോഴാണ് അവൻ അനന്യഭക്തനായിത്തീരുന്നത്. ഭഗവദ്ഗീത അവികമ്പേന യോഗേന യുജ്യതേ (ഇളക്കമില്ലാത്ത യോഗാത്മദർശനം കൊണ്ട് യോജിക്കപ്പെടുന്നു) എന്നു വിഭൂതിയോഗത്തിലും (10-7), ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവം വിധഃ ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച (അനന്യഭക്തികൊണ്ട് ഏവം വിധമായ 'ഞാൻ' പരമാർത്ഥമായി അറിയാനും, ദർശിക്കാനും പ്രവേശിക്കാനും സാധ്യനാകുന്നു) എന്ന് വിശ്വരൂപദർശനയോഗത്തിലും (11-54) പ്രകാശിപ്പിക്കുന്നത് ഈ അനന്യഭക്തിയുടെ നിരാകാരവും നിരാകുലവും നിരാമയവുമായ പൊരുളാണ്.
ഗുരുദേവൻ ദർശനമാലയിലെ ഭക്തിദർശനത്തിൽ വെളിവാക്കിയിരിക്കുന്നതും ഈ അനന്യഭക്തിയുടെ ആകെ സ്വരൂപമാണ്. ഭക്തിയുടെ ആഴവും ആകാശവും ഒരുമിക്കുന്ന പൂർണവും ഭദ്രവുമായ ഒരു നിർവചനമാണ് 'ഭക്തിരാത്മാനുസന്ധാനം' എന്ന വചനത്തിലൂടെ അനന്യഭക്തിക്ക് ഗുരുദേവൻ നല്കിയിരിക്കുന്നത്.
ആത്മാവിനെ യാതൊരിടവേളയും കൂടാതെ അനുസന്ധാനം ചെയ്യുന്നതാണ് ഭക്തിയെന്ന ഗുരുവിന്റെ ഈ നിർവചനത്തേക്കാൾ മറ്റൊരു ഭക്തിനിർവചനം ഇനി ലോകത്തുണ്ടാകാനില്ല.
ഭക്തിയുടെയും ഭക്തരുടെയും പേരിൽ കോലാഹലങ്ങളുയർത്തുന്നവരും അതിലകപ്പെട്ടു പോകുന്നവരും ഈ അനന്യഭക്തിയുടെ വാക്കും പൊരുളും ഉൾക്കൊണ്ടിട്ടുള്ളവരല്ലെന്നു ഖേദപൂർവം പറഞ്ഞുകൊള്ളട്ടെ. അതിനാൽ യഥാർത്ഥഭക്തിയുടെ പൊരുൾകൊണ്ടുയരുന്ന ഉത്തമഭക്തനായിത്തീരാൻ ഏവർക്കും സാധിക്കണം.