operation-lotus

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇതിനായി വഴിവിട്ട കളികളിലൂടെ കോൺഗ്രസ് എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾ ഇനി നടക്കില്ല. കർണാടകയിലെ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണ്. സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പിക്ക് തുടരാം. ഞങ്ങളുടെ ക്യാമ്പിൽ നിന്നും ഒരാൾ പോയാൽ 10 ബി.ജെ.പി എം.എൽ.എമാരെ തങ്ങൾ പൊക്കുമെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി.

കേന്ദ്ര ഏജൻസികളെപ്പോലും ഉപയോഗിച്ചാണ് കർണാടകയിൽ ഓപ്പറേഷൻ ലോട്ടസുമായി ബി.ജെ.പി മുന്നോട്ട് പോകുന്നത്. 2008ൽ ബി.എസ്.യെദിയൂരപ്പ ഇതേ രീതിയിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോഴത്തെ ശ്രമങ്ങൾക്ക് പിന്നിലും ബി.ജെ.പിയാണ്. കോൺഗ്രസ് എം.എൽ.എമാരിൽ ചിലരെ പണം കൊടുത്തും, ചിലരെ അധികാരം നൽകാമെന്ന് പറഞ്ഞും, ചിലരെ ഭീഷണിയിലൂടെയും സ്വാധീനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വലിയ തുക വാഗ്‌ദ്ധാനം നൽകിയാണ് കോൺഗ്രസ് എം.എൽ.എമാരെ അടക്കം ബി.ജെ.പി ചാക്കിടാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ആരോപിച്ചു. ഞങ്ങളുടെ ഒരു എം.എൽ.എയ്‌ക്ക് വൻ തുകയാണ് ബി.ജെ.പി വാഗ്‌ദ്ധാനം ചെയ്‌തത്. അത് ഏത് അക്കൗണ്ടിലേക്ക് വേണമെങ്കിലും അയയ്‌ക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്യുകയും ചെയ്തു. തനിക്കൊരു സമ്മാനവും വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നുവെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. എന്നാൽ സഖ്യസർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമിക്കുന്നില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദിയൂരപ്പ പ്രതികരിച്ചു. പാർട്ടിയിലെ കുഴപ്പങ്ങൾ കാരണം എം.എൽ.എമാർ സ്വയം കോൺഗ്രസിൽ നിന്നും വിട്ടുപോവുകയാണ്. അനാവശ്യമായ ആരോപണങ്ങൾ കോൺഗ്രസ് ഉന്നയിക്കരുത്. ബി.ജെ.പിക്ക് 104 എം.എൽ.എമാരുടെയും രണ്ട് സ്വതന്ത്രന്മാരുടെയും പിന്തുണയുണ്ട്. പ്രതിപക്ഷമെന്ന നിലയിൽ തന്നെ ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.