mohanlal-bhagya-lekshmi

മലയാള സിനിമയിൽ ശബ്‌ദം എന്ന വാക്കിന്റെ പര്യായമായി ഭാഗ്യലക്ഷ്‌മി എന്ന പേര് മാറിയിട്ട് പതിറ്റാണ്ടുകളായി. ശോഭന ഉർവശി, രേവതി, നദിയാ മൊയ്‌തു, കാർത്തിക, പാർവതി, രഞ്ജിനി, മീന തുടങ്ങി മലയാള സിനിമയുടെ എക്കാലത്തെയും പ്രിയനായികമാരുടെ ശബ്‌ദസൗന്ദര്യം എന്നുതന്നെ വിശേഷിപ്പിക്കണം ഭാഗ്യലക്ഷ്‌മിയെ. മണിചിത്രത്താഴിലെ നാഗവല്ലിയായുള്ള ശോഭനയുടെ അഭിനയത്തിന് മിഴിവേകിയത് ഭാഗ്യലക്ഷ്‌മിയുടെ സംഭാഷണ പാടവം കൂടിയാണ്.

അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കരിയറിലെ തന്റെ ചില മറക്കാനാവാത്ത ഒാർമ്മകൾ ഭാഗ്യലക്ഷ്‌മി പങ്കുവയ്‌ക്കുകയുണ്ടായി. വന്ദനം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മോഹൻലാലുമൊത്ത് ഒരു കാബിനുള്ളിലിരുന്ന് ചെയ്‌ത അനുഭവം ഏറെ രസകരമായിരുന്നുവെന്ന് അവർ പറയുന്നു. പ്രിയദർശനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

ഭാഗ്യലക്ഷ്‌മിയുടെ വാക്കുകൾ-

'വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹൻലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്‌തത്. ഐ ലവ് യു എന്ന് പറയുന്ന സീൻ ഡബ്ബ് ചെയ്യുമ്പോൾ. ഞാനും ലാലും കൂടി ഒരു ക്യാബിനകത്താണ് നിൽക്കുന്നത്. ലാലിങ്ങനെ എന്നെ നോക്കിയാണ പറയുന്നത്, 'എന്നാ എന്നോട് പറ ഐ ലവ് യൂന്ന്'. 'ഉം..ഐ ലവ് യൂ..'എന്ന് ഞാനും തിരിച്ച്. ഇങ്ങനെയാണ് അത് ഡബ്ബ് ചെയ്‌തത്. പ്രിയൻ ഭയങ്കര ഹാപ്പിയാണ് നമ്മൾ ഇത് ചെയ്യുമ്പോൾ. അതുപോലെ ചിത്രം എന്ന സിനിമ ഡബ്ബ് ചെയ്യുമ്പോൾ നരേന്ദ്ര പ്രസാദ് സാർ അവിടെയുണ്ട്. സാർ ആദ്യമായിട്ട് ഡബ്ബ് ചെയ്യാൻ വരുന്നതാണ്. ഡബ്ബിംഗ് എന്താണെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. കുറച്ചു നേരം ഇവരുടെ ഡബ്ബിംഗ് കണ്ടോളൂ എന്ന് പ്രിയൻ അദ്ദേഹത്തോട് പറഞ്ഞു.

ഞാനും മോഹൻലാലും അപ്പുറത്തിരുന്ന് ഡയലോഗ് പറയുകയാണ്. ഇതുകണ്ട് ടേക്ക് ആണെന്ന് പോലും മറന്ന് നരേന്ദ്ര പ്രസാദ് സാർ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഒരു മൈക്കിന് മുന്നിലിരുന്ന് എന്ത് ഭംഗിയായാണ് നിങ്ങൾ ഇത് പറയുന്നതെന്ന് അത്ഭുതത്തോടെ അന്ന് അദ്ദേഹം ചേദിച്ചു. അഭിനയിക്കുമ്പോൾ ഒരുപാട് സപ്പോർട്ട് നമുക്ക് മുന്നിലുണ്ടാകും. എന്നാൽ ഇത് അങ്ങനെയല്ല. തന്നെക്കൊണ്ട് ഇതൊക്കെ പറ്റോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഒടുവിൽ സാറ് സാധാരണ പറയുന്നത് പോലെ തന്നെ പറഞ്ഞാൽ മതി എന്നൊക്കെ പറഞ്ഞ് നരേന്ദ്രപ്രസാദ് സാറിനെ ഞങ്ങളെല്ലാവരും കൂടി ചേർന്ന് ഹെൽപ്പ് ചെയ്‌‌തുകൊണ്ടാണ് ആ സിനിമ അത്രത്തോളം മനോഹരമാക്കിയത്'.