narendra-modi-kerala-visi

കണ്ണൂർ: വിവിധ പരിപാടികൾക്ക് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ചില ദേശാടന പക്ഷികൾക്ക് കേരളം ഇഷ്‌ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുഭൂമിയിൽ നിന്നുള്ള ദേശാടനപക്ഷികളാണ് ഇടയ്‌ക്കിടയ്‌ക്ക് കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥരും ഭയചകിതരുമാക്കും. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

അതേസമയം, വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയത്തിനുള്ളിൽ കേരളത്തിലെത്തും. മധുരയിലെ പരിപാടി കഴിഞ്ഞ് കൊച്ചി നാവികസേനാ വിമാനത്താളത്തിൽ ഉച്ചയ്‌ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്ളാന്റ് ഉദ്‌ഘാടനം ചെയ്യും. നാവികസേനാ വിമാനത്താളത്തിൽ നിന്നും ഹെലികോപ്‌ടറിൽ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാർഗമാണ് കൊച്ചി റിഫൈനറിയിൽ എത്തുക. പിന്നീട് വൈകിട്ട് 4.15ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ യുവമോർച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. തുടർന്ന് നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന മോദി വൈകിട്ട് അ‌ഞ്ച് മണിയോടെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.