kaumudy-news-headlines

1. നമ്പി നാരായണന് എതിരെ ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്ക് എതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്നം. ഒരു മലയാളിയ്ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ആഘോഷിക്കുക ആണ് വേണ്ടത്. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ലെന്നും കണ്ണന്താനം

2. സെന്‍കുമാറിന് എതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും. പത്മഭൂഷണ്‍ നല്‍കിയതിന് എതിരെ സെന്‍കുമാര്‍ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തത്. അവാര്‍ഡിന്റെ യുക്തി നിശ്ചയിക്കുന്നത് കമ്മിറ്റികളുടെ താത്പര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമെന്നും സ്പീക്കര്‍. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം വീണ പോലെ എന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം

3. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ റെയ്ഡിനെ തുടര്‍ന്ന് ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരായ അന്വേഷണം റിപ്പോര്‍ട്ട് നാളെ കൈമാറും. സി.പി.എം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. സംഭവത്തില്‍ ചൈത്രയ്ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് സൂചന

4. സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡി.ജി.പിക്ക് ചൈത്ര വിശദീകരണം നല്‍കിയിരുന്നു. ഉദ്യോഗസ്ഥയ്ക്ക് എതിരായ വകുപ്പ്തല അന്വേഷണം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. ഉദ്യോഗസ്ഥയ്ക്ക് എതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ജില്ല നേതൃത്വം. പാര്‍ട്ടി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ നിന്ന് സ്റ്റേഷന്‍ അക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ ആയില്ലെന്നും നേതാക്കളുടെ ആരോപണം.

5. അതേസമയം, ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കുന്നതില്‍ സേനയ്ക്ക് ഇടയിലും കടുത്ത അതൃപ്തി. ഉദ്യോഗസ്ഥയ്ക്ക് എതിരായ അന്വേഷണം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വിശദീകരണം തേടിയതിന് പിന്നാലെ. താന്‍ ചെയ്തത് കൃത്യനിര്‍വഹണമാണെന്ന് ചൈത്ര വിശദീകരണം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാല്‍ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം കെടുത്തും എന്ന് സേനയില്‍ പൊതുവികാരം

6. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത് കന്യാസ്ത്രീമാരുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാജ്യത്തെ 55 സാംസ്‌കാരിക പ്രവര്‍ത്തകര്‍. സ്ഥലം മാറ്റത്തിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എന്ന് കത്തില്‍ പരാമര്‍ശം

7. മദ്ദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നു എന്ന് ആരോപണം. ബിഷപ്പിന്റെ നീക്കം, കന്യാസ്ത്രീകളെ സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്ന് പുറത്താക്കാന്‍. കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം എന്ന് കത്തില്‍ ആവശ്യം. കത്ത് എഴുത്തിയവരില്‍ കവി സച്ചിദാനന്ദന്‍, നോവലിസ്റ്റുകളായ ആനന്ദ്, മനീഷ സേഥി തുടങ്ങിയവര്‍

8. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍. കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ മോദി വിമാനം ഇറങ്ങും. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇത് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദര്‍ശനം. കൊച്ചിയിലും തൃശൂരിലുമായി രണ്ട് ചടങ്ങുകളില്‍ മോദി പങ്കെടുക്കും

9. കൊച്ചി റിഫൈനറിയില്‍ ബി.പി.സി.എല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം തൃശൂരിലേക്ക് തിരിക്കും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിലും റാലിയിലും പങ്കെടുക്കും. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടി പരിപാടി എന്ന നിലയിലാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്

10. നരേന്ദ്രമോദിയുടെ തുടര്‍ച്ചയായുളള സന്ദര്‍ശനത്തിലൂടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയ്ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും എന്ന വിലയിരുത്തലില്‍ നേതാക്കള്‍. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനത്തിലൂടെ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലഭിച്ച മേധാവിത്വം ശക്തമായി നിലനിര്‍ത്താന്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. സീറ്റിനെ ചൊല്ലിയുള്ള ഭിന്നത പരിഹരിക്കാനും മോദിയുടെ സന്ദര്‍ശനം സഹായിക്കും എന്ന പ്രതീക്ഷയില്‍ നേതാക്കള്‍

11. മുനമ്പം മനുഷ്യക്കടത്തിന്റെ ഉറവിടം തേടി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി പരിശോധിക്കും. നടപടി, മുനമ്പത്ത് നിന്ന് ദയാമാതാ ബോട്ടില്‍ യാത്ര തിരിച്ചവര്‍ ഒന്നര ലക്ഷം രൂപ വീതം മുഖ്യ ഇടനിലക്കാര്‍ക്ക് കൈമാറിയിട്ടുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍. കേസില്‍ പിടിയിലായ രവി, പ്രഭു എന്നിവരുടെ മൊഴികളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്

12. മനുഷ്യക്കടത്തിന്റെ മുഖ്യ ഇടനിലക്കാരായ ശ്രീകാന്തന്‍, സെല്‍വന്‍ എന്നിവരാണ് 120 ഓളം പേരില്‍ നിന്നായി പണം കൈപ്പറ്റിയത്. ഇത്തരത്തില്‍ ഒരു കോടി 80 ലക്ഷത്തോളം രൂപ ഇവര്‍ അനധികൃതമായി വാങ്ങിയിട്ടുണ്ട് എന്ന് വിവരം. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണസംഘം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി