pinarayi-vijayan

കൊല്ലം: ബി.ജെ.പിയുമായി തനിക്ക് ബന്ധമുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എൻ.കെ പ്രേമചന്ദ്രൻ എം.പി രംഗത്ത്.

44 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ താൻ സംഘിയായെങ്കിൽ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവച്ച പിണറായി വിജയനാണ് യാഥാർത്ഥ സംഘിയെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

താനാണോ മുഖ്യമന്ത്രിയാണോ യഥാർത്ഥ സംഘിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറയണം. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി താൻ പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല. പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനെത്തിച്ചത് ബി.ജെ.പി നേതാക്കളാണ്. ഇതിന്റെ പേരും പറഞ്ഞ് സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, ആലപ്പാട്ടെ കരിമണൽ ഖനനം പൂർണ്ണമായും നിർത്തണമെന്ന സംയുക്ത സമരസമിതിയുടെ ആവശ്യം അദ്ദേഹം തള്ളി. ഇത് പൊതുമേഖല സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് വഴിയൊരുക്കും. സമര സമിതിയുടെ ഈ ആവശ്യത്തോട് യോജിക്കാനാവില്ലെന്നും മൂലം തിരഞ്ഞെടുപ്പിലുണ്ടാകുന്ന രാഷ്ട്രീയ നേട്ടവും കോട്ടവും സഹിക്കുകയേ നിവൃത്തിയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.