ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിൽ തുടരാനാകുമെന്നും കേന്ദ്രഭരണം നിലനിറുത്താനാകുമെന്നുമാണ് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പ്രതീക്ഷ. ഏതാണ്ട് രണ്ട് വർഷം മുമ്പ് നടന്ന പല അഭിപ്രായ സർവേകളും ഇക്കാര്യം ശരിവയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്ന് രാഷ്ട്രീയ സമവാക്യങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും മാറി. മോദിയെയും അമിത് ഷായയെും പോലെ കളമറിഞ്ഞ് കളിക്കാൻ കഴിയുന്ന നിരവധി പേർ പ്രതിപക്ഷത്തിന് വേണ്ടി അണിനിരന്നു. ഇതിന്റെ ഫലമായി വളരെ നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്‌ക്ക് കേവലഭൂരിപക്ഷമായ 272 സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്നാണ് പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യാ ടുഡേ ഗ്രൂപ്പ് നടത്തിയ മൂഡ് ഒഫ് ദ നാഷൻ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
മോദി അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യം
2014ൽ മൃഗീയ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന സർവേ പുറത്തുവരുന്നത്. 2019 ജനുവരിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക് 100 സീറ്റുകൾ കുറയും. 201ൽ കിട്ടിയ 336ൽ നിന്നും 236ലേക്ക് കൂപ്പുകുത്തുമെന്ന് സാരം. അതായത് സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷത്തിന് 35 സീറ്റുകളുടെ കുറവ്. അതും ഇപ്പോഴത്തെ എൻ.ഡി.എയിലെ എല്ലാ കക്ഷികളും ചേർന്ന് മത്സരിച്ചാൽ മാത്രം. ബി.ജെ.പി, ആൾ ഇന്ത്യാ രംഗസ്വാമി കോൺഗ്രസ്, അപ്‌നാ ദൾ, ബോഡോ പീപ്പിൾസ് ഫ്രണ്ട്, ഡി.എം.ഡി.കെ, ജെ.ഡി(യു), എൽ.ജെ.പി, നാഗാ പീപ്പിൾസ് ഫ്രണ്ട്, പി.എം.കെ, നാഷണൽ പീപ്പിൾസ് പാർട്ടി, ആർ.പി.ഐ (എ), എസ്.എ.ഡി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ശിവസേനാ തുടങ്ങിയവരാണ് എൻ.ഡി.എയിലുള്ളത്.
കൂടുതൽ നഷ്‌ടം ബി.ജെ.പിക്ക്
എൻ.ഡി.എയിൽ ഏറ്റവും കൂടുതൽ നഷ്‌ടം നേരിടുന്നത് ബി.ജെ.പിക്കാണെന്നും സർവേ പ്രവചിക്കുന്നു. 2014ൽ 282 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 80 സീറ്റുകൾ കുറഞ്ഞ് 202ലേക്ക് കൂപ്പുകുത്തും. ഈ നഷ്‌ടം നികത്താൻ ബി.ജെ.പിക്ക് പുതിയ സഖ്യകക്ഷികളെ തേടേണ്ടി വരുമെന്നും സർവേയിൽ പറയുന്നു.
മോദിയുടെ ജനപ്രീതി ഇടിയുന്നു, എന്നാലും ശക്തൻ
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി നാളിതുവരെ ഇല്ലാത്ത രീതിയിൽ കുറഞ്ഞതായും സർവേഫലം പറയുന്നു. ഒരുപക്ഷേ ബി.ജെ.പി വിജയിച്ചാലും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി ആക്കിയേക്കില്ല. തിരഞ്ഞെടുപ്പിൽ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാനുള്ള സാധ്യത കൂടുതലാണെന്നും സർവേയിൽ പങ്കെടുത്തവർ പറയുന്നു. മോദിയുടെ ജനപ്രീതി 46 ശതമാനത്തിലേക്ക് ഇടിഞ്ഞു. നോട്ടുനിരോധനത്തിന് മുമ്പ് 65 ശതമാനത്തിലേറെ ഉണ്ടായിരുന്ന മോദിയുടെ ജനപ്രീതി പിന്നീട് ക്രമേണ ഇടിഞ്ഞെന്നും സർവേ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശക്തനായ നേതാവ് മോദി തന്നെയാണെന്നും സർവേയിൽ പങ്കെടുത്തവർ വിലയിരുത്തുന്നു.