cpim-office-raid

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതിക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ നേതൃത്വം രംഗത്തെത്തി. ഒരു പ്രതിയെയും ഓഫീസിൽ ഒളിപ്പിച്ചിരുന്നില്ലെന്നും റെയ്ഡ് വാർത്തയിൽ ഇടം പിടിക്കാനാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

നിയമസഭ ചേരുന്നതിന്റെ തലേദിവസം നടത്തിയ റെയ്ഡ് മനപ്പൂർവമാണെന്നും മാദ്ധ്യമപ്രവർത്തകർക്ക് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. വ്യാഴാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു ചൈത്ര തെരേസയുടെ നേതൃത്വത്തിൽ പൊലീസ് സി.പി.എം ഓഫീസിൽ റെയ്ഡ് നടത്തിയത്.

തുടർന്ന് ചൈത്ര തെരേസ ജോണിനെതിര വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. പാർട്ടിയെ അപമാനിക്കുന്നതിന് റെയ്ഡ് നടത്തിയെന്ന സി.പി.എമ്മിന്റെ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് നാളെ റിപ്പോർട്ട് സമർപ്പിക്കാനാണ് സാദ്ധ്യത.