benz

ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള ആഡംബര വാഹന ബ്രാൻഡാണ് മെഴ്‌സിഡെസ്-ബെൻസ്. ഈ ജർമ്മൻ ബ്രാൻഡിന്റെ 15,538 കാറുകളാണ് കഴിഞ്ഞവർഷം പുതുതായി ഇന്ത്യൻ നിരത്തിലെത്തിയത്. വിജയക്കുതിപ്പിന്റെ പിൻബലത്തിൽ ഇന്ത്യയുടെ വിവിധോദ്ദേശ്യ വാഹന ശ്രേണിയിലേക്കും (എം.പി.വി) ചുവടുവയ്‌ക്കുകയാണ് മെഴ്‌സിഡെസ്-ബെൻസ്; 'വി-ക്ളാസ്" എന്ന പുത്തൻ താരത്തിലൂടെ.

ഒരു ദശാബ്ദം മുമ്പ് ഇതേ ശ്രേണിയിൽ 'ആർ-ക്ളാസ്" എന്നൊരു മോഡൽ ബെൻസ് ഇന്ത്യയിലെത്തിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. 2013ൽ ലോകത്തെ മിക്ക വിപണികളിൽ നിന്നും ആർ-ക്ലാസ് പിൻവാങ്ങി. പക്ഷേ, അതെല്ലാം മറന്ന്, പുത്തൻ കൂട്ടുകൾ ഇണക്കിച്ചേർത്ത് ബെൻസ് അണിയിച്ചൊരുക്കിയ 'വി-ക്ളാസ്" പ്രമുഖ വിപണികളിലെല്ലാം വിജയക്കൊടി പാറിക്കുകയാണ്. ബ്രിട്ടൻ, ജപ്പാൻ തുടങ്ങി 90ഓളം രാജ്യങ്ങളിൽ ലഭിച്ച മികച്ച സ്വീകാര്യതയുടെ കരുത്തിൽ ഇന്ത്യൻ മണ്ണിലും പ്രവേശിക്കുകയാണ് വി-ക്ളാസ്.

ഒരു വലിയ വിപണിയല്ല, തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളിലേക്ക് കടക്കുകയാണ് വി-ക്ലാസ് ഇന്ത്യയിൽ എത്തിക്കുന്നതിലൂടെ മെഴ്‌സിഡെസ്-ബെൻസ് കരുതുന്നതെന്ന് പ്രതീക്ഷിക്കാം. വ്യക്തിഗത ഉപഭോക്താക്കൾ, വലിയ കുടുംബങ്ങൾ, ടാക്‌സി, ഹോട്ടൽ മേഖല, ടൂറിസം രംഗം തുടങ്ങിയവയ്ക്ക് അനുയോജ്യമായ വാഹനമാണ് വി-ക്ളാസ്. വലുപ്പത്തിൽ നേരിയ വ്യത്യാസമുള്ള എക്‌സ്‌ക്ളുസീവ്, എക്‌സ്‌പ്രഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകൾ വി-ക്ളാസിന് ഇന്ത്യയിലുണ്ടാകും. എക്‌സ്‌പ്രഷൻ ലൈനിന് വീൽബെയ്‌സ് അല്‌പം കൂടുതലാണ്.

പൂർണമായും ഒരു വാൻ എന്ന് തോന്നുന്ന രൂപകല്‌പനയാണ് വി-ക്ളാസിനുള്ളത്. അതേസമയം, ഇ-ക്ളാസിന് സമാനമായ മുഖഭാവങ്ങളും കാണാം. എൽ.ഇ.ഡി ലൈറ്റുകളും അതോടൊപ്പം എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളോടും കൂടിയ ഹെഡ്‌ലാമ്പും തനത് മെഴ്‌സിഡെസ് ഗ്രില്ലും ഇതുറപ്പാക്കുന്നു. സ്‌റ്രൈലിഷായ അലോയ് വീലുകൾ, പിന്നിലെ വലിയ വിൻഡ് സ്‌ക്രീൻ, എൽ.ഇ.ഡി ടെയ്‌ൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ എന്നിവയും പുറംമോടിയിലെ ആകർഷണങ്ങളാണ്.

ആഡംബരത്തിന് പുതിയ മാനം നൽകുന്നതാണ് വി-ക്ളാസിന്റെ അകത്തളം. ഏഴ് സീറ്റുകൾ വീതമുള്ള രണ്ട് വേരിയന്റുകളാണുള്ളത്. ഇരു വേരിയന്റുകളിലും സീറ്റുകളുടെ സജ്ജീകരണം വ്യത്യസ്‌തമാണ്. രണ്ടാംനിരയിലെ സീറ്റുകൾ 180 ഡിഗ്രിയിൽ തിരിക്കാനാകും. മൂന്നാംനിരയിലുള്ളവരുമായി മുഖാമുഖമിരുന്ന് യാത്ര ആസ്വദിക്കാൻ ഇതുവഴി സാധിക്കും. കപ്പ് ഹോൾഡറുകൾ ഉൾപ്പെടുന്ന, മടയ്ക്കി വയ്‌ക്കാവുന്ന കുഞ്ഞൻ ടേബിലും സീറ്റുകളുടെ നിരയുടെ മദ്ധ്യേ കാണാം. അതായത്, ചെറിയൊരു മീറ്രിംഗ് നടത്താനാകും വിധം സജ്ജമാണ് വി-ക്ളാസിന്റെ അകത്തളം.

ഉന്നത നിലവാരമുള്ള സീറ്റുകൾ, അത്യാധുനിക ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, ആറ് എയർബാഗുകൾ ഉൾപ്പെടെ ഉയർന്ന സുരക്ഷാ സജ്ജീകരണങ്ങൾ, മുന്തിയ ഫീച്ചറുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് ഈ ആഡംബര എം.പി.വിയുടെ അകത്തളം. ബി.എസ്-6 അധിഷ്‌ഠിത, 2.2 ലിറ്റർ, 4-സിലിണ്ടർ എൻജിനാണ് വി-ക്ലാസിനുള്ളത്. 161 ബി.എച്ച്.പി കരുത്തും 380 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനാണിത്. ഗിയർ സംവിധാനം 7ജി ട്രോണിക് ഓട്ടോമാറ്രിക്.

കംപ്ലീറ്റ് ബിൽറ്ര് യൂണിറ്റായി (സി.ബി.യു) ഇന്ത്യയിലെത്തിച്ചാണ് ബെൻസ് വി-ക്ളാസ് വിറ്റഴിക്കുന്നത്. എക്‌സ്‌പ്രഷൻ ലൈൻ വേരിയന്റിന് 68.40 ലക്ഷം രൂപയാണ് വില. എക്‌സ്‌ക്ളുസീവ് ഓപ്‌‌ഷന് വില 81.90 ലക്ഷം രൂപ.