india-is-no-more-a-poor-c

ന്യൂഡൽഹി: ദരിദ്ര രാജ്യമെന്ന അപഖ്യാതിയിൽ നിന്നും ദാരിദ്ര നിർമാർജനം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ രാജ്യമെന്ന ബഹുമതിയിലേക്ക് ഇന്ത്യ കുതിക്കുന്നതായി റിപ്പോർട്ട്. 2011ൽ പുറത്തിറങ്ങിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 26 കോടി ദരിദ്രരുണ്ടെന്നായിരുന്നു കണക്ക്. അതായത് ഇത്രയും പേർക്ക് ഒരു ദിവസം 135 രൂപ പോലും വരുമാനമില്ല. എന്നാൽ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം അഞ്ച് കോടിയിൽ താഴെയായിരിക്കുമെന്നാണ് വിവരം. ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ് തലവൻ പ്രവീൺ ശ്രീവാസ്‌തവയെ ഉദ്ദരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 2030ഓടെ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യക്ക് മോചനം ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

ദാരിദ്ര നിർമാർജനം വളരെ വേഗത്തിൽ നടപ്പിലാക്കിയ രാജ്യമെന്ന ബഹുമതി ഉടൻ തന്നെ ഇന്ത്യയെ തേടിയെത്തും. ഇന്ത്യയുടെ നേട്ടങ്ങളെ ഇത്രയും കാലവും ലോകം അംഗീകരിച്ചിരുന്നില്ല. കൂടുതൽ ഫലപ്രദമായ സൂചകങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഇന്ത്യൻ ഗാർഹിക ഉപഭോക്‌തൃ സർവേ ഉടൻ തന്നെ പുറത്തുവിടുമെന്നും ശ്രീവാസ്‌തവ വ്യക്തമാക്കുന്നു. രാജ്യത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും സാങ്കേതിക വിദ്യയുടെ ഉപയോഗവും ദാരിദ്ര നിർമാർജനത്തിന് സഹായകമായെന്നും അദ്ദേഹം പറയുന്നു.

അതേസമയം, നേരത്തെയും ഇത്തരത്തിൽ ദരിദ്രരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻ‌ഡ് പോളിസിയിലെ പ്രൊഫസർ എൻ.ആർ.ഭാനുമൂർത്തി പറയുന്നു. 2004 -05 കാലയളവിൽ ഇത്തരത്തിൽ ദരിദ്രരുടെ എണ്ണത്തിൽ കുറവുണ്ടായി. കേന്ദ്ര സർക്കാരുകളുടെ സാമൂഹിക ക്ഷേമ പദ്ധതികളും ഇതിന് സഹായകമായി. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന പോലുള്ളവ ദാരിദ്ര നിർമാജനത്തിൽ വൻ മാറ്റങ്ങളുണ്ടാക്കി. എന്നാൽ ഇന്ത്യയിലെ കണക്കെടുപ്പ് സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാലങ്ങളായി മാറിവരുന്ന സർക്കാരുകൾ സ്‌റ്റാറ്റിസ്‌റ്റിക്കൽ വകുപ്പിനെ അവഗണിക്കുകയാണ്. ഇതിന് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.