mammootty-peranbu

മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ പേരൻപിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സംവിധായകൻ റാം ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോവൻ, റോട്ടർ ഡാം ഫിലിം ഫെസ്‌റ്റിവലുകളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സ്‌പാസ്‌റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി പേരൻപിൽ എത്തുന്നത്. ഓൺലൈൻ ടാക്‌സി ഡ്രൈവറായ അമുദനാണ് മെഗാ സ‌്റ്റാറിന്റെ കഥാപാത്രം.

എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നിർമ്മാതാവ് പി.എൽ. തേനപ്പൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പേരൻപിൽ അഭിനയിക്കുന്നതിനായി ഇതുവരെ ഒരു രൂപ പോലും പ്രതിഫലം മമ്മൂട്ടി വാങ്ങിയിട്ടില്ലെന്നാണ് തേനപ്പൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തമിഴ് ചാനലിൽ നടന്ന ടോക്ക് ഷോയിൽ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ തന്നെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് എന്തുകൊണ്ടാണ് പ്രതിഫലം വാങ്ങാതിരുന്നതെന്ന അവതാരികയുടെ ചേദ്യത്തിന് 'എല്ലാ സിനിമയും പണത്തിനു വേണ്ടി ചെയ്യാൻ കഴിയില്ല' എന്ന ഉത്തരമാണ് മമ്മൂട്ടി നൽകിയത്.

ഒരിടളവേളയ്‌ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ മകളായിചിത്രത്തിൽ എത്തുന്നത് സാധനയാണ്. അഞ്ജലിയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.