narendra-modi-in-kerala

കൊച്ചി: കൊച്ചിൻ റിഫൈനറി കേരളത്തിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കൊച്ചിൻ റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.പി.ജി ബോട്ട്ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂർ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം എന്നിവയും അദ്ദേഹം നിർവഹിച്ചു.

പാവപ്പെട്ട അമ്മമാർ വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടാണ് താൻ വളർന്നത്. അന്ന് മുതലേ ഇത്തരക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 2016 മേയിലെ കണക്ക് അനുസരിച്ച് പാവപ്പെട്ടവരായ ആറ് കോടി പേർക്ക് ഉജ്ജ്വല സ്‌കീം വഴി എൽ.പി.ജി കണക്ഷൻ നൽകി. ഏതാണ്ട് ഒരു കോടിയോളം പേർ ഗിവ് ഇറ്റ് അപ് പദ്ധതിയിൽ പെടുത്തി തങ്ങളുടെ എൽ.പി.ജി സബ്സിഡി വേണ്ടെന്ന് വച്ചതായും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അൽഫോൺസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. സാങ്കേതിക തകരാറ് മൂലം വിമാനം വൈകിയതിനാൽ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിനെത്തിയത്. കൊച്ചിൻ റിഫൈനറിയുടെെ പുതിയ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ മൊത്തം വികസനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിൻ റിഫൈനറിയുടെ എല്ലാ വിധ വികസന പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ എന്നും സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടുണ്ട്. റിഫൈനറിയിലെ വികസന പ്രവർത്തനങ്ങൾക്ക് നികുതി ഇളവ് അടക്കം നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു.