പുതിയ ചിത്രത്തിൽ നായകൻ മമ്മൂട്ടി തന്നെ വേണമെന്ന് നിർമ്മാതാവ് പറഞ്ഞിരുന്നുവെങ്കിൽ താൻ കുഴഞ്ഞു പോയേനെയെന്ന് സംവിധായകൻ കമൽ. അങ്ങനെയായിരുന്നു സ്ഥിതിയെങ്കിൽ ഒരു നാലു വർഷമെങ്കിലും തനിക്ക് കാത്തിരിക്കേണ്ടി വന്നേനെയെന്നും കമൽ വ്യക്തമാക്കി. 'പ്രണയ മീനുകളും കടലും' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പൂജാ വേളയിലാണ് കമൽ വേദിയിൽ ചിരിപടർത്തിയത്.
'താരങ്ങൾ വേണ്ട എന്ന് പ്രൊഡ്യൂസർ പറഞ്ഞതായിരുന്നു എന്റെ അദ്യത്തെ ആശ്വാസം. ഒരു പക്ഷേ മമ്മൂക്ക വേണം, ലാൽ വേണം എന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ ഞാൻ കുഴഞ്ഞു പോകും. കാരണം മൂന്നാലു വർഷം കാത്തിരിക്കേണ്ടി വരും. മമ്മൂട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഞാൻ എപ്പോൾ പൂജയ്‌ക്ക് വിളിച്ചാലും അദ്ദേഹം വരും. പക്ഷേ സിനിമയുടെ കാര്യവുമായി ചെല്ലുമ്പോൾ നാലഞ്ച് വർഷം കഴിയട്ടേ എന്നായിരിക്കും പറയുക.
എന്നാൽ അതിൽ നമുക്ക് അഭിമാനവുമാണുള്ളത്. ഞാനൊക്കെ സിനിമയിൽ വരുന്ന കാലം തൊട്ടെ ഇന്നുകാണുന്ന അതേ തിരക്കുള്ള നായകനടനാണ് അദ്ദേഹം. ഇന്നും അതേ നിലയിൽ അദ്ദേഹം നിൽക്കുന്നുവെന്നത് സന്തോഷകരമായ കാര്യങ്ങളാണ്. ഞങ്ങളുടെയൊക്കെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമാണ്'- കമൽ വ്യക്തമാക്കി.
ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയാണ് ചിത്രം നിർമ്മിക്കുന്നത്.ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ദിലീഷ് പോത്തൻ, വിനായകൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖ നായകൻ ഗബ്രി ജോസ്. പുതുമുഖ നായിക ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങൾ അണിനിരക്കുന്നു.