ഹരിപ്പാട്: നവോത്ഥാന മൂല്യത്തിന് കൂടുതൽ ഊന്നൽ നൽകി പ്രവർത്തിക്കേണ്ട കാലഘട്ടമാണിതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ 'സംവരണം" എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി, മത വേർതിരിവ് വിദ്വേഷം സൃഷ്ടിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 18 ശതമാനം സവർണരുടെ വോട്ട് ലക്ഷ്യമിട്ടാണ് മോദി സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത്. പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം ജാതീയമായ ഭിന്നിപ്പിലേക്കാണ് പോകുന്നത്. സവർണ, അവർണ ഭാരതം സൃഷ്ടിക്കാനേ ഭേദഗതിയ്ക്ക് കഴിയൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ട് ചോർച്ച കണ്ട് ഭയന്നിട്ടാണ് സാമ്പത്തിക സംവരണവുമായി എത്തിയത്.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നിരാശാജനകമാണെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നു. നാമജപ പ്രതിഷേധത്തിന് ഇറങ്ങേണ്ടെന്ന് പറഞ്ഞത് പ്രവർത്തകർ ജയിലിലാകാതിരിക്കാനാണ്. എല്ലാക്കാലത്തും ജയിൽവാസത്തിന് ഈഴവനെ തള്ളിവിട്ട് മറ്റുള്ളവർ നേട്ടം കൊയ്യുന്നത് പതിവാണ്. ലക്ഷ്യം രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. അഡ്വ.വി.മോഹൻദാസ് സെമിനാർ നയിച്ചു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, ചേപ്പാട് യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, പ്രൊഫ.സി.എം ലോഹിതൻ, സി.സുഭാഷ്, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, ഓമനക്കുട്ടൻ ഡ്രീംലാന്റ്, എസ്.ജയറാം, അഡ്വ.യു.ചന്ദ്രബാബു, പി.എൻ അനിൽകുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി രാധാ അനന്തകൃഷ്ണൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് മനോജ്, സെക്രട്ടറി ജിതിൻ ചന്ദ്രൻ, എൻ.ചിത്രാംഗദൻ തുടങ്ങിയവർ പങ്കെടുത്തു.