ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ എൻജിനില്ലാ ട്രെയിനിന് 'വന്ദേ ഭാരത് എക്സ്പ്രസ്" എന്ന് പേരു നൽകിയതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. പൊതുജനങ്ങൾ നിർദ്ദേശിച്ച പേരുകളിൽ നിന്നാണ് ഇത് തിരഞ്ഞെടുത്തത്.
പരീക്ഷണയോട്ടം പൂർത്തിയായ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ഡൽഹി - വാരണാസി റൂട്ടിൽ ഓടുന്ന ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്ററാണ് വേഗത.
റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലാണ് 97 കോടി രൂപ ചെലവിൽ ട്രെയിൻ നിർമ്മിച്ചത്. 18 മാസം കൊണ്ട് പൂർത്തിയാക്കിയ 18 കോച്ചുകളുള്ള ട്രെയിനിന് ട്രെയിൻ 18 എന്നാണ് ആദ്യം പേര് നൽകിയിരുന്നത്. മുപ്പത് വർഷം പഴക്കമുള്ള ശതാബ്ദി എക്സ്പ്രസിന്റെ പിൻഗാമിയാണിത്. മുഴുവൻ കോച്ചുകളും എയർകണ്ടീഷൻ ചെയ്ത ട്രെയിനിന് കാൺപൂരും അലഹബാദും മാത്രമാണ് സ്റ്റോപ്പുള്ളത്. രണ്ട് എക്സിക്യുട്ടിവ് ചെയർകാർ കോച്ചുകളുണ്ട്.