കൊല്ലം: പത്മഭൂഷൺ പുരസ്കാരം ലഭിച്ച ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വിമർശിച്ച ടി.പി സെൻകുമാറിനെതിരെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്ത്. ചാരക്കേസിൽ നമ്പി നാരായണന്റെ എതിർ കക്ഷിയാണ് സെൻകുമാർ. പ്രായമായ ഒരാൾക്ക് അംഗീകാരം കിട്ടിയപ്പോൾ വിവാദമുണ്ടാക്കിയത് ശരിയല്ലെന്ന് കെമാൽ പാഷ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശം അപക്വമായിരുന്നുവെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു.
സെൻകുമാറിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്നുണ്ടായത്. നേരത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും സെൻകുമാറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അംഗീകാരം കിട്ടുമ്പോൾ വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡി.എൻ.എ പ്രശ്നമാണ്. സെൻകുമാർ ബി.ജെ.പി അംഗമല്ലെന്നും അഭിപ്രായം പറയാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നുമാണ് കണ്ണന്താനം പ്രതികരിച്ചത്.
നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ലെന്നുമാണ് ടി.പി സെൻകുമാർ പറഞ്ഞിരുന്നത്. ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാർശ ചെയ്തത്. അവർ തന്നെ ഇതിൽ വിശദീകരണം നൽകണമെന്നും ടി.പി സെൻകുമാർ ആവശ്യപ്പെട്ടിരുന്നു.