കൊല്ലം: ലോട്ടറിയെടുക്കാൻ തന്റെ മുന്നിലെത്തുന്നവരുടെ മുഖത്തേക്ക് അനി ഒന്ന് സൂക്ഷിച്ച് നോക്കും. എന്നിട്ട് സംശയത്തോടെ ചോദിക്കും 'എന്റെ കൈയിൽ നിന്ന് ആറ് കോടിയുടെ ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ എടുത്തിരുന്നോ? 'കഴിഞ്ഞ നാല് ദിവസമായി അനി ആ ഭാഗ്യവാനെ തേടി നടക്കുകയാണ്. കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിന് മുന്നിലെ തട്ടുകടയിലിരുന്ന് ജി. അനി വിറ്റ EW 213957 എന്ന ടിക്കറ്റനാണ് ആറ് കോടിയുടെ ബമ്പർ സമ്മാനം അടിച്ചത്. എന്നാൽ ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്താണ്. എടുത്തയാളുടെ പക്കൽ നിന്ന് ടിക്കറ്റ് നഷ്ടമായാലും അനിക്കുള്ള കമ്മിഷൻ ലോട്ടറി വകുപ്പിൽ നിന്ന് കിട്ടും.' എങ്കിലും ഒരാഗ്രഹം, 'എന്റെ കൈയിലൂടെ ഭാഗ്യം വന്നയാളെ ഒന്ന് നേരിൽ കാണണം. - അനി പറയുന്നു.
പല ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങിയാണ് അനി വില്പന നടത്താറുള്ളത്. കരിക്കോട് സാരഥി ജംഗ്ഷനിലെ ഏജന്റിൽ നിന്ന് അനി വാങ്ങിയ ടിക്കറ്റിനാണ് ബമ്പറടിച്ചത്. ഏകദേശം 55 ലക്ഷം രൂപയോളം കമ്മിഷൻ ഇനത്തിൽ ഏജന്റിന് ലഭിക്കും. സമ്മാനമടിക്കുമ്പോഴെല്ലാം നികുതി കഴിഞ്ഞുള്ള കമ്മിഷൻ തുക പൂർണമായും എജന്റുമാർ അനിക്ക് നൽകിയിട്ടുണ്ട്. ഇത്തവണയും കമ്മിഷൻ കിട്ടുമ്പോൾ അധികം തുക ഏജന്റുമാർ എടുക്കില്ലെന്നാണ് അനിയുടെ പ്രതീക്ഷ.
അറുപതിനായിരം രൂപ ഇതിന് മുമ്പ് അനി വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.
തേവള്ളി, ഡിപ്പോ പുരയിടം കായൽവാരത്തെ പുറമ്പോക്കിൽ പലകയടിച്ച അടച്ചുറപ്പില്ലാത്ത വീട്ടിലാണ് അനിയും കുടുംബവും താമസിക്കുന്നത്. മൂത്തമകൾ അഞ്ജന ഡിഗ്രിക്കും ഇളയവൾ അമ്മു പ്ലസ് വണ്ണിനും പഠിക്കുന്നു. ബിന്ദുവാണ് ഭാര്യ. 'മക്കളെ നന്നായി പഠിപ്പിക്കണം. മാന്യമായി കെട്ടിച്ചയയ്ക്കണം" ഉള്ളിലുള്ള ആഗ്രഹങ്ങൾ പറയുമ്പോൾ അനിയുടെ കണ്ണ് നിറഞ്ഞൊഴുകി.