australian-open-tennis

മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ കലാശപ്പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജ്യോകോവിച്ചിന് ഏഴാം കിരീടത്തോടെ ലോക റെക്കാഡ‌്. ലോക രണ്ടാം നമ്പർ താരം സ്പെയിനിന്റെ റാഫേൽ നദാലിനെയാണ് തികച്ചും ഏകപക്ഷീയമെന്ന് തോന്നിയ മത്സരത്തിൽ ജ്യോകോവിച്ച് പരാജയപ്പെടുത്തിയത്. ആദ്യം മുതൽ കളത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ജ്യോകോവിച്ച്, 6–3, 6–2, 6–3 എന്ന സ്കോറിനാണ് നദാലിനെ വീഴ്‌ത്തിയത്.

ജ്യോകോവിച്ചിന്റെ കരിയറിലെ ഏഴാം ആസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ആറു വീതം കിരീടങ്ങൾ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്സൺ, റോജർ ഫെഡറർ എന്നിവരെ മറികടന്ന് ജ്യോകോവിച്ച് മെൽബൺ പാർക്കിൽ പുതിയ ചരിത്രവുമെഴുതി. അതു മാത്രമല്ല, കരിയറിൽ 15ആം ഗ്രാൻസ്ലാം കിരീടമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇക്കാര്യത്തിൽ അമേരിക്കയുടെ പീറ്റ് സാംപ്രസിനെ മറികടന്ന് സെർബിയൻ താരം മൂന്നാമതെത്തി. 20 കിരീടങ്ങളുള്ള റോജർ ഫെഡറർ, 16 കിരീടമുള്ള നദാൽ എന്നിവർ മാത്രമാണ് ഇനി ജ്യോകോവിച്ചിന്റെ മുന്നിലുള്ളത്.