adithyan-

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് സീരിയൽ താരം ആദിത്യൻ രംഗത്ത്. ഞാൻ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങൾ. ഇതിനെല്ലാം പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണ്. ഇയാൾക്കെതിരെയുള്ള ചില വാർത്തകളും തെളിവുകളും എന്റെ കയ്യിലുണ്ടെന്ന് ആദിത്യൻ പറഞ്ഞു. ഇനിയും ഇത്തരം കുപ്രചരങ്ങൾ തുടരുകയാണെങ്കിൽ താൻ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യൻ പറഞ്ഞു.

എന്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ആ നിർമ്മാതാവാണ്. എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാൻ താമസം മാറി പോകാൻ വരെ കാരണക്കാരൻ അയാളാണ്. 18കൊല്ലമായി ഞാൻ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ? ഞാൻ ചില തെളിവ് പുറത്ത് വിട്ടാൽ കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും തന്നെ ഇനിയും ഉപദ്രവിച്ചാൽ ആ തെളിവുകൾ പുറത്ത് വിടുമെന്നും ആദിത്യൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ ഓൺലൈൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യൻ ഇക്കാര്യം പറഞ്ഞത്.

ഇപ്പോൾ നടക്കുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങൾ അമ്പിളി ദേവിക്കെതിരെയല്ല. എല്ലാം തനിക്ക് നേരെയാണ്. എന്നോട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചത്. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യൻ കൂട്ടിച്ചേർത്തു.

29വയസ്സിലാണ് വിവാഹം കഴിക്കുന്നത്. 2015 ൽ വിവാഹമോചനം നേടി. അതിനിടെ ഞാൻ നാല് കല്യാണം കഴിച്ചെന്നാണ് പറയുന്നത്. അതെങ്ങനെയാണ്. ഒരു ബന്ധം ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയില്ല. 2016ലായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഞാൻ അവരുമായി അടുത്തത്. അവരിൽ എനിക്ക് ഒരു മകനുണ്ട്. അത് അമ്പിളിയ്ക്ക് അറിയാം.
ഇപ്പോൾ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെല്ലാം പിറകിൽ ആ നിർമ്മാതാവാണ്. അയാൾ സീരിയൽ രംഗത്തെ പലർക്ക് എതിരെയും ഇങ്ങനെ വ്യാജ വാർത്തകൾ നിർമ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിർമ്മാതാവ് ഒരു എം.എൽ.എയെ നശിപ്പിക്കാൻ എനിക്ക് ഫോൺ നമ്പർ വരെ തന്നെയാളാണെന്നും ആദിത്യൻ പറഞ്ഞു.