pm-atacks-udf-and-ldf-ove

തൃശൂർ: ശബരിമലയിലെ വിശ്വാസങ്ങളെ കേരളം ഭരിക്കുന്ന പാർട്ടി തകർക്കുകയാണെന്നും ഇതിന് കേരളത്തിലെ കോൺഗ്രസുകാർ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഇരുമുന്നണികളും വനിതാ ശാക്തീകരണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് കേരളത്തിൽ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാത്തതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ യുവമോർച്ചാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിന്റെ സംസ്‌ക്കാരത്തെ അവഹേളിക്കാൻ ഇടത് - വലത് മുന്നണികൾ ശ്രമിക്കുന്നതെന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. കോൺഗ്രസുകാർ ഡൽഹിയിൽ ഒന്ന് പറയുന്നു, കേരളത്തിൽ മറ്റൊന്ന് പറയുന്നു. എല്ലാ വിഷയങ്ങളിലും കോൺഗ്രസിന് ഇരട്ടത്താപ്പാണ്. ഇരുകൂട്ടർക്കും സ്ത്രീശാക്തീകരണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. കേരളത്തിൽ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാത്തതും മുത്തലാഖ് ബില്ലിനെ എതിർത്തതും അതിന്റെ തെളിവാണ്. ഇക്കാര്യത്തിൽ ഇരുകൂട്ടരും ആത്മവിശകലനം നടത്തണം. സംസ്ഥാനത്തിന്റെ വികസനത്തിൽ ശ്രദ്ധിക്കേണ്ട ഇരുമുന്നണികൾക്കും ആശയ പാപ്പരത്തം ബാധിച്ചിരിക്കുയാണ്. മോദിയെ എതിർക്കുക മാത്രമാണ് ഇരുകൂട്ടരും ചെയ്യുന്നത്. എന്നാൽ തന്നെ ആക്ഷേപിക്കുന്നത് ഇരുകൂട്ടർക്കും തുടരാമെങ്കിലും, ഇക്കാര്യം പറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും, ചെറുപ്പക്കാർക്ക് അവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് തടസം നിൽക്കരുതെന്നും, പാവപ്പെട്ടവരെ ഉപദ്രവിക്കരുതെന്നും, നാടിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കരുതെന്നും, നാടിനെ അപമാനിക്കരുതെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ന് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഇടത് വലത് മുന്നണികൾ അസ്വസ്ഥരാണ്. സി.ബി.ഐ, തിരഞ്ഞെടുപ്പ് കമ്മിഷൻ, സി ആൻഡ് എ.ജി തുടങ്ങിയ സ്ഥാപനങ്ങളെപ്പോലും ഇവർ കുറ്റപ്പെടുത്തുകയാണ്. തങ്ങൾ മാത്രമാണ് ശരിയെന്നാണ് ഇവരുടെ നിലപാട്. അടുത്തിടെ ലണ്ടനിൽ നടന്ന ഒരു വാർത്താ സമ്മേളനം രസകരമായിരുന്നു. ഒരു കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ഇന്ത്യയെ വിദേശമണ്ണിൽ അപമാനിക്കാനുള്ള ശ്രമങ്ങൾ നടന്നു. ഇതാണോ ജനാധിപത്യത്തോടുള്ള ബഹുമാനമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസുകാർ രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ആശയത്തിന് വേണ്ടി എതിർ പാർട്ടിക്കാരെ കൊലപ്പെടുത്തുന്ന കോൺഗ്രസുകാരും ഇടതുപക്ഷക്കാരും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് തമാശയാണ്. അടിയന്തരാവസ്ഥ ഇനിയും ചില കോൺഗ്രസ് നേതാക്കളെ വിട്ടുപോയിട്ടില്ല. ആരൊക്കെ വന്നാലും പോയാലും ഈ നാടിന്റെ ജനാധിപത്യം നിലനിൽക്കും. ഡൽഹിയിൽ കാവൽക്കാരനായി താൻ ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്ത് അഴിമതി നടത്താൻ ആരെയും അനുവദിക്കില്ല. കേരളത്തിലെ രാഷ്ട്രീയക്കാർ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി രാജ്യതാത്പര്യങ്ങൾക്ക് ബലികഴിപ്പിച്ചതിന്റെ ഉദാഹരണമാണ് നമ്പി നാരായണൻ. തന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അദ്ദേഹത്തെ പത്മപുരസ്‌ക്കാരം നൽകി ആദരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.