മധുര: എയിംസിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞ ചെലവിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തമിഴ്നാട്ടിലെ തോപ്പൂരിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാകുമാരി മുതൽ കാശ്മീർ വരെയും ഗുവാഹത്തി മുതൽ ഗുജറാത്ത് വരെയും രാജ്യത്തിന്റെ എല്ലാ കോണുകളിലും എയിംസ് ബ്രാൻഡ് ആരോഗ്യ സുരക്ഷ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്കാണ് എൻ.ഡി.എ സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. എല്ലാവരും ആരോഗ്യവാൻമാരായിരിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണം കുറഞ്ഞചെലവിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആയുഷ്‌മാൻ ഭാരത് യോജനയ്ക്കു കീഴിൽ നിലവിൽ തമിഴ്നാട്ടിൽ നിന്ന് 1.57 കോടി പേരുണ്ട്. ഇവരുടെ ചികിത്സയ്ക്കായി ബി.ജെ.പി സർക്കാർ 200 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിൽ മെഡിക്കൽ സീറ്റുകൾ 30 ശതമാനം വർദ്ധിപ്പിച്ചെന്നും മോദി അവകാശപ്പെട്ടു. ദേശീയ ക്ഷയ നിവാരണ പരിപാടിയിൽ ശക്തമായ പങ്കാളിയായ തമിഴ്നാട് സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. മധുര, തഞ്ചാവൂർ, തിരുനെൽവേലി മെഡിക്കൽ കോളേജുകളിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
'ഗോ ബാക്ക് മോദി" പ്രതിഷേധം
പ്രധാനമന്ത്രിയുടെ മധുര സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ 'ഗോ ബാക്ക് മോദി" പ്രതിഷേധം നടന്നു. തമിഴ്നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്ന മുദ്രാവാക്യമുയർത്തി അണ്ണാ ഡി.എം.കെ പ്രവർത്തകർ പ്രകടനം നടത്തി. അതിനിടെ ട്വിറ്ററിൽ ‘ഗോ ബാക്ക് മോദി’ എന്ന പേരിൽ ഹാഷ്‌ടാഗ് കാമ്പെയിനും പ്രചരിച്ചു. എഴുത്തുകാരി മീന കന്ദസ്വാമി അടക്കമുള്ള സാംസ്കാരിക പ്രവർത്തകർ കാമ്പെയിനിന്റെ ഭാഗമായി. ഇതിനെ പ്രതിരോധിക്കാൻ ‘ടി.എൻ വെൽകംസ് മോദി’ എന്ന ഹാഷ്‌ടാഗുമായി ബി.ജെ.പി പ്രവർത്തകരും എത്തി. ‘ഗജ’ ചുഴലി ആഞ്ഞടിച്ചപ്പോൾ മോദി തമിഴ്നാടിനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിൽ മോദിക്കെതിരെ പ്രതിഷേധം ആളിപ്പടരുന്നത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റു മരിച്ചപ്പോൾ പ്രധാനമന്ത്രി എവിടെയായിരുന്നെന്നും പ്രതിഷേധക്കാർ ചോദിച്ചു. കാവേരി പ്രശ്നം വന്നപ്പോൾ മോദി കർണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.