ss

തിരുവനന്തപുരം: സഭാ സമൂഹങ്ങളിൽ ഐക്യം ഉണ്ടാകാൻ വ്യക്തികൾ തങ്ങളുടെ ഹൃദയങ്ങൾ വിശാലമാക്കണമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ പാറശാല രൂപതാദ്ധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് അഭിപ്രായപ്പെട്ടു. യുണൈറ്റഡ് ക്രിസ്റ്റ്യൻ മൂവ്‌മെന്റിന്റെ (യു.സി.എം) നേതൃത്വത്തിൽ നടന്ന അഷ്ടദിന ഐക്യ പ്രാർത്ഥനയുടെ സമാപന സമ്മേളനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. പട്ടം സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ.ഡോ .ജോൺ പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൂഥറൻ സഭാവൈദികൻ പ്രകാശ് ടെന്നിസൺ 'ദൈവീക നീതി' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. യുണൈറ്റഡ് ക്രിസ്റ്റ്യൻ മൂവ്‌മെന്റ് ആത്മീയ ഉപദേഷ്ടാവ് ഡോ.എം.ഒ.ഉമ്മൻ, പ്രസിഡന്റ് എം.ജി. ജെയിംസ്, മുൻ പ്രസിഡന്റ് ഡോ. കോശി എം. ജോർജ്ജ്, ഫാ. ജോൺ അരീക്കൽ, തോമസ് മുകളുംപുറത്ത്, യു.സി.എം സെക്രട്ടറി ഓസ്‌കാർ ലോപ്പസ്, പ്രോഗ്രാം ചെയർമാൻ അഡ്വ. തോമസ് കെ.തോമസ്, എയ്ഞ്ചൽ മൂസ്, അനുലേഖ തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ്‌മസ് കാലത്തെ ഏറ്റവും നല്ല ദീപാലങ്കാരത്തിനുള്ള ട്രോഫി വെള്ളയമ്പലം സെന്റ് തെരേസാസ് കത്തോലിക്കാ ദേവാലയത്തിന് ലഭിച്ചു.