modi-senkumar

തൃശൂർ: പത്മ അവാർഡ് ജേതാവായ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കേരളത്തിലെ ചില യു.ഡി.എഫ് നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. രണ്ട് ദശാബ്‌ദങ്ങൾക്ക് മുമ്പ് കേരളത്തിലെ രാഷ്ട്രീയക്കാർ നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി.രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രാജ്യതാത്പര്യങ്ങളെ ബലികഴിപ്പിച്ചതിന്റെ ഉദാഹരണായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തിന് പത്മ അവാർഡ് നൽകാൻ തന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കഴിഞ്ഞെന്നും തൃശൂരിലെ യുവമോർച്ചാ സമ്മേളന വേദിയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

അതേസമയം, പരസ്യമായി നമ്പി നാരായണനെ അനുകൂലിച്ചും അദ്ദേഹത്തിന് പത്മ പുരസ്‌ക്കാരങ്ങൾ നൽകിയത് കേന്ദ്രസർക്കാരിന്റെ നേട്ടമായും പ്രധാനമന്ത്രി എടുത്ത് പറഞ്ഞത് തിരിച്ചടിയായത് മുൻ ഡി.ജി.പി സെൻകുമാറിനാണെന്ന് രാഷ്ട്രീയ വിദഗ്‌ദ്ധർ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന സെൻകുമാറിനെതിരെ പരസ്യ നിലപാടെടുക്കേണ്ടെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ ധാരണ. സെൻകുമാറിനെ പിന്തുണച്ചാൽ അത് നമ്പി നാരായണനെതിരായ വിമർശനമായി വിലയിരുത്തപ്പെടുമെന്നും നേതൃത്വം കരുതുന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ തന്ത്രപരമായ മൗനം പാലിക്കാനായിരുന്നു ബി.ജെ.പിയിലെ ധാരണ. ഇതാണ് പ്രധാനമന്ത്രിയുടെ പരസ്യ നിലപാടിലൂടെ തകർന്നത്. ഇനി നമ്പി നാരായണന് അനുകൂലമായ നിലപാടെടുക്കാൻ ബി.ജെ.പി നേതൃത്വം നിർബന്ധിക്കപ്പെടുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെയാണെങ്കിൽ അത് സെൻകുമാറിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അതിനിടെ സെൻകുമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലാതിരുന്ന ബി.ജെ.പിയിലെ ഒരുവിഭാഗം അദ്ദേഹത്തിനെതിരെ പാർട്ടിയിൽ നിലപാടെടുക്കുമെന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് നേതൃത്വമാണ് സെൻകുമാറിനെ സമീപിച്ചത്. എന്നാൽ ബി.ജെ.പിയിൽ തന്നെ ഒരുവിഭാഗത്തിന് ഇക്കാര്യത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ തർക്കങ്ങൾ നടക്കുന്നതിനിടെയാണ് പത്മ പുരസ്‌ക്കാരം നമ്പി നാരായണന് നൽകിയത് ചോദ്യം ചെയ്‌ത് സെൻകുമാർ രംഗത്തെത്തിയത്. വരും ദിവസങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയാവും ഈ വിഭാഗം മുന്നോട്ട് പോകുന്നത്. എന്നാൽ സെൻകുമാർ ബി.ജെ.പി അംഗമല്ലെന്നും അദ്ദേഹത്തിന് എന്ത് നിലപാടെടുക്കാനും അവകാശമുണ്ടെന്നുമാണ് മറുവിഭാഗത്തിന്റെ വാദം. ഇക്കാര്യം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു.