ലക്‌നൗ: ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ചുണ്ടായ കലാപത്തിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.ഐ സുബോധ്കുമാറിന്റെ മൊബൈൽ ഫോൺ മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. സുബോധിനെ വെടിവച്ചെന്ന് കുറ്റസമ്മതം നടത്തിയയാളുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ ലഭിച്ചത്. സംഭവം നടന്നു രണ്ടു മാസം പിന്നിടുമ്പോഴാണ് കേസിൽ നിർണായകമായ തെളിവു ലഭിക്കുന്നത്.
ബുലന്ദ്ശഹറിൽ തന്നെയുള്ള പ്രതി പ്രശാന്ത് നട്ടിന്റെ വീട്ടിൽ ശനിയാഴ്ച രാത്രിയായിരുന്നു പരിശോധന. ഇയാളെ ബുലന്ദ്ശഹർ- നോയിഡ അതിർത്തിയിൽ നിന്ന് ഡിസംബർ 28നാണു അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഇയാളുടെ വീട്ടിൽ തെരച്ചിൽ നടത്തിയത്. മറ്റ് അഞ്ച് മൊബൈലുകൾ കൂടി പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ വെടിവയ്ക്കാനുപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രശാന്തും മറ്റു രണ്ടു പേരും സുബോധിന്റെ തോക്ക് തട്ടിയെടുക്കുന്നത് മറ്റൊരു മൊബൈൽ വീഡിയോയിൽ നിന്നാണു വ്യക്തമായത്.
സുബോധിനെ കോടാലി കൊണ്ടു വെട്ടിയ കലുവ എന്നയാളെ ജനുവരി ഒന്നിനു പിടികൂടിയിരുന്നു. അതിക്രമത്തിനു നേതൃത്വം വഹിച്ച ബജ്‌റംഗ് ദൾ നേതാവ് യോഗേഷ് രാജിനെ തൊട്ടടുത്ത ദിവസവും അറസ്റ്റ് ചെയ്തിരുന്നു.