ന്യൂഡൽഹി: അയോദ്ധ്യ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കില്ല. ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അവധിയിലായതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് സുപ്രീംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞദിവസം ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ഈ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരുന്നത്. അയോദ്ധ്യയിലെ വിവാദഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.