ബെയ്ജിംഗ്: രാത്രിയിൽ കാമുകന് ശുഭരാത്രി നേർന്നാണ് ചെൻ ഉറങ്ങാൻ പോയത്. എന്നാൽ രാവിലെ എഴുന്നേറ്റ് കാമുകനുമായി സംസാരിച്ചപ്പോൾ ചെൻ ഞെട്ടി. കാമുകൻ പറയുന്നതൊന്നും കേൾക്കാൻ സാധിക്കാതെ അവർ അന്തംവിട്ടു. എന്നാൽ സ്ത്രീകൾ പറയുന്നതൊക്കെ കേൾക്കുന്നുമുണ്ട്. ചൈനയിലെ സിയഗെമൻ നഗരത്തിൽ നിന്നുള്ള യുവതിക്കാണ് ഈ അപൂർവമായ ശ്രവണ വൈകല്യം ബാധിച്ചത്.
രാത്രിയിൽ ചെവിക്ക് ചെറിയ അസ്വസ്ഥത തോന്നിരുന്നെങ്കിലും ചെൻ അവഗണിച്ചു. പുരുഷശബ്ദം മാത്രം കേൾക്കാൻ സാധിക്കാതെ വന്നതോടെ പരിഭ്രാന്തയായ യുവതി ഡോക്ടറെ സമീപിച്ചു. പരിശോധനയിൽ ഇവർക്ക് 'റിവേഴ്‌സ് സ്‌ലോപ് ഹിയറിംഗ്" എന്ന രോഗാവസ്ഥയാണെന്നു കണ്ടെത്തി. ഈ അവസ്ഥയുള്ളവർക്ക് ഉയർന്ന ഫ്രീക്വൻസിയുള്ള ശബ്ദം മാത്രമേ കേൾക്കാൻ സാധിക്കൂ. അതിനാലാണ് കാമുകന്റെ ചെറിയ ഫ്രീക്വൻസിയുള്ള ശബ്ദം ഇവർക്ക് കേൾക്കാൻ കഴിയാതെ വന്നത്.
പുരുഷന്മാരുടെ ശബ്ദവും സ്ത്രീകൾ ഉച്ചരിക്കുന്ന ചില്ലക്ഷരങ്ങളും ചെന്നിന് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉറക്കം കുറവായിരുന്നെന്നും ജോലിയിൽ സമ്മർദ്ദം കൂടുതലായിരുന്നു എന്നും യുവതി ഡോക്ടറോടു പറഞ്ഞു. ജനിതക വ്യതിയാനം കൊണ്ടും ചെവിയിൽ ഉണ്ടാകുന്ന അണുബാധ കൊണ്ടും ഈ അവസ്ഥ ഉണ്ടായേക്കാം. 13,000 പേരിൽ ഒരാൾക്കാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.