ബ്രസീലിയ: ബ്രസീലിൽ സ്വകാര്യ ഖനന കമ്പനിയുടെ നേതൃത്വത്തിലുള്ള ഡാം തകർന്ന് 40 പേർ മരിച്ചു. മുന്നൂറോളം പേരെ കാണാതായി. തെക്ക് കിഴക്കൻ ബ്രസീലിലെ മിനാസ് ഗെറയ്സിലയിൽ ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള ഡാമാണു വെള്ളിയാഴ്ച തകർന്നത്. 42 വർഷം പഴക്കമുള്ള ഡാമാണു തകർന്നത്. ഡാമിന് 282 അടി ഉയരമുണ്ട്. രക്ഷാപ്രവർത്തനത്തിനായി കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് സർക്കാർ പണം ശേഖരിച്ചു.
അപകടത്തെ തുടർന്ന് ഒഴുകിയെത്തിയ ടൺ കണക്കിന് ചെളിയിൽ കുടുങ്ങിയാണ് ആളുകൾ മരിച്ചത്. പ്രദേശത്തെ റോഡുകളും നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ചെളിക്കടിയിലായി. ഹെലികോപ്ടർ ഉപയോഗിച്ചാണു പ്രദേശത്തു തെരച്ചിൽ നടത്തുന്നത്. ചെളിയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതു തുടരുകയാണ്. മരണസംഖ്യ മൂന്നിരട്ടിയെങ്കിലും ഉയർന്നേക്കുമെന്നാണ് വിവരം.
വേൽ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണു കാണാതായ 300 പേരെന്നുമാണു കരുതുന്നത്. അപകടത്തിൽ 170 പേരെ ഇതുവരെ രക്ഷിച്ചു. 23 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രസീൽ പ്രസിഡന്റ് ജയ്ർ ബോൽസോനാറോ അപകട സ്ഥലം സന്ദർശിച്ചു. 1000 സൈനിക സംഘങ്ങളാണ് പ്രദേശത്തു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്.
ഡാമിന്റെ സുരക്ഷാ പരിശോധനകൾ അടുത്തിടെ നടത്തിയിരുന്നെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
2400 പേരെ ഒഴിപ്പിച്ചു
പ്രദേശത്തു നിന്ന് 24,000 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് അപകടം നടന്നതെങ്കിലും ഇന്നലെയാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.
ബ്രസീലിനേറ്റ രണ്ടാം ദുരന്തം
ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്. 2015ൽ ബ്രസീലിലെ സമാർകോ മിനെനാകോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇരുമ്പയിര് ഖനിയിലെ ഡാം പൊട്ടിയുണ്ടായ അപകടമായിരുന്നു ആദ്യത്തേത്. ബ്രസീലിലെ പ്രധാന നദികളെല്ലാം മലിനമാക്കി ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയ ഈ ദുരന്തത്തേക്കാൾ ശക്തമാണിത്. ഡാം പൊട്ടി 600 കിലോമീറ്ററോളമാണ് ഒഴുകി അത്‌ലാന്റിക്കിലായിരുന്നു അവസാനിച്ചത്. ലക്ഷക്കണക്കിന് പേരെ ബാധിച്ച ഈ ദുരന്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.