അബുദാബി: ഭർത്താവിനോടുള്ള ദേഷ്യത്തെ തുടർന്ന് നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിക്കെതിരെയുള്ള കേസ് അബുദാബി കോടതിയിൽ. യു.എ.യിലെ അറബ് കുടുംബത്തിൽ വീട്ടുവേല ചെയ്തിരുന്ന എത്യോപ്യൻ യുവതിയാണ് ഈ കൊടും ക്രൂരത ചെയ്തത്. താൻ ഗർഭിയാണെന്ന സത്യം മറച്ചുവച്ചാണ് യുവതി ജോലി ചെയ്തിരുന്നതെന്ന് വീട്ടുകാർ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലി ചെയ്യുന്ന വീടിന്റെ ശുചിമുറിയിലാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. ഉടനെ തന്നെ യുവതി കുഞ്ഞിനെ തറയിൽ അടിച്ച് കൊല്ലുകയായിരുന്നു. കത്തി ഉപയോഗിച്ച് കുഞ്ഞിനെ കുത്തുകയും ചെയ്തു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ തള്ളി. മൃതദേഹം ശുചീകരണ ജീവനക്കാർ കണ്ടെതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്തതോടെ യുവതി കുറ്റം സമ്മതിച്ചു. ഭർത്താവിനോടുള്ള പ്രതികാരവും കുട്ടിയെ ഒറ്റയ്ക്ക് വളർത്താനുള്ള പേടികൊണ്ടുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗർഭിയായിരുന്ന സമയത്ത് ഭർത്താവിനെ കാര്യങ്ങൾ അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോൾ കുഞ്ഞിനെ നോക്കാൻ സാധിക്കില്ലെന്ന് ഭർത്താവ് പറഞ്ഞു. മാത്രമല്ല ഗർഭത്തെ ഭർത്താവ് അംഗീകരിക്കില്ലെന്ന് പറഞ്ഞു . കുഞ്ഞ് അയാളുടേതല്ലെന്ന് കൂടി പറഞ്ഞപ്പോൾ യുവതിക്ക് സഹിക്കാൻ പറ്റിയില്ല. ഇതിനെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.