തൃശ്ശൂർ: ഡൽഹിയിൽ കാവൽക്കാരനായി ഞാനുള്ളിടത്തോളം കാലം ആരെയും കട്ടുമുടിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലുവർഷം മുമ്പ് നിങ്ങളെന്നെ ഈ നാടിന്റെ കാവൽക്കാരനായി നിയോഗിച്ചു. അവിടെ ആ സ്ഥാനത്തുള്ളിടത്തോളം ഒരുതരത്തിലുമുള്ള അഴിമതിക്ക് അനുവാദം നൽകില്ലെന്ന് മോദി പറഞ്ഞു. രാജ്യത്തെ തകർക്കാൻ ഒരു ശക്തിയേയും ഈ കാവൽക്കാരൻ ഉള്ളിടത്തോളം അനുവദിക്കില്ലെന്ന് ഉറപ്പുനൽകുന്നതായും മോദി പറഞ്ഞു.
തൃശ്ശൂരിൽ നടന്ന യുവമോർച്ചാ സമ്മേളനത്തിലാണ് നരേന്ദ്രമോദിയുടെ പ്രസ്താവന. ശബരിമല വിഷയവും ഐ.എസ്.ആർ.ഒ ചാരക്കേസും സോളാർ കുഭകോണവും ഇടതു സർക്കാരിലെ മന്ത്രിമാരുടെ രാജിയും ഉയർത്തി ശക്തമായ രാഷ്ട്രീയ വിമർശനമാണ് മോദി ഉന്നയിച്ചത്.
കമ്യൂണിസ്റ്റുകാർ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഓരോ ചിഹ്നത്തെയും അപമാനിക്കുകയാണ്. നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്‌കാരത്തെ എന്തിനാണ് കമ്യൂണിസ്റ്റുകാർ ആക്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. യു.ഡി.എഫും ഇക്കാര്യത്തിൽ മോശമല്ലെന്നും മോദി പറഞ്ഞു.