s

പരിക്കേറ്റ് ചോര വാർന്ന് കിടന്നത് 15 മിനിട്ട്

കുട്ടനാട് : ആലപ്പുഴ - ചങ്ങനാശേരി എ.സി റോഡിലുണ്ടായ സ്കൂട്ടർ അപകടത്തിൽ കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചു. ആലപ്പുഴ വാടയ്ക്കൽ ആഞ്ഞിലിപ്പറമ്പിൽ എ.ജെ.ജോസഫാണ് (55) മരിച്ചത് .

ഇന്നലെ ഉച്ചയ്ക്ക് 2.30ന് പള്ളിക്കൂട്ടുമ്മ ജംഗ്ഷനിലായിരുന്നു അപകടം. അതേസമയം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതാണോ മറ്റേതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നതിനെപ്പറ്റി വ്യക്തമായിട്ടില്ലെന്ന് രാമങ്കരി പൊലീസ് പറഞ്ഞു.ആൾതിരക്ക് കുറഞ്ഞ ജംഗ്ഷനായതിനാൽ ദൃക്സാക്ഷികളാരും ഉണ്ടായിരുന്നില്ല.

പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടന്ന ജോസഫിനെ ആശുപത്രിയിലെത്തിക്കാൻ അതുവഴി പോയ യാത്രക്കാർ ആരും തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.ജോസഫ് 15 മിനിട്ടോളം റോഡിൽ കിടന്നു.യൂണിഫോം ധരിക്കാത്തതിനാൽ പൊലീസാണെന്നും ആരും തിരിച്ചറിഞ്ഞില്ല.ഇതുവഴി ബൈക്കിൽ വന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് ജോസഫിനെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചത്. വൈകിട്ട് അഞ്ചോടെ മരിച്ചു.

ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. എ.സി റോഡിലെ ഹൈവേ പൊലീസ് സംഘത്തിലെയും അംഗമായ ജോസഫ് ശനിയാഴ്ച രാവിലെ ജോലി കഴിഞ്ഞ് ഇറങ്ങിയിരുന്നു. ഇന്നലെ അവധിലായിരുന്ന ജോസഫ് സ്കൂട്ടറിൽ കൈനടിക്ക് പോയി തിരിച്ച് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ : റിനി. മക്കൾ : കൃപ (മൂന്നാം വർഷ ബി.എസ്‌ സി നഴ്‌സിംഗ് വിദ്യാർത്ഥിനി, എസ്എച്ച് കോളേജ് മതിലകം ചേർത്തല), സ്‌നേഹ (ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനി, കാർമ്മൽ കോളേജ്, മുഹമ്മ), ജീവൻ (ആറാം ക്ലാസ് വിദ്യാർത്ഥി, ലിയോ തേർട്ടീന്ത് സ്കൂൾ, ആലപ്പുഴ).