pinarayi

കൊച്ചി: ബി.ജെ.പിയുടെ ജനദ്രോഹ നടപടികളിൽ ജനങ്ങൾ അസംതൃപ്തരാണെന്നതിന്റെ തെളിവാണ് ഇതിനോടകം പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് തോൽവികളെല്ലാം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സൂചനയാണ്. ബി.ജെ.പിക്ക് നിൽക്കകള്ളി ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും പിണറായി പറഞ്ഞു.

കേന്ദ്രസർക്കാരിന് പാർലമെന്ററി ജനാധിപത്യത്തോട് പുച്ഛമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ദളിത് - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം വേണമെങ്കിൽ ബി.ജെ.പി പരാജയപ്പെടണം. നയങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും ഒരു പോലെയാണ്. ആർ.എസ്.എസുമായി സമരസപ്പെടാൻ കോൺഗ്രസിന് മടിയില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

എല്ലാ നിലയിലും വർഗീയതയെ ഉപയോഗിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും തയ്യാറാണ്. ഇതിന് കൂട്ടു നിൽക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും കൊച്ചിയിൽ നടന്ന ജനകീയ ഉച്ചകോടിയിൽ മുഖ്യമന്ത്രി പറഞ്ഞു.