ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷൻ നൽകിയതുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ടി.പി സെൻകുമാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പത്മമഭൂഷൻ നൽകാൻ മാത്രം എന്ത് സംഭാവനയാണ് നമ്പി നാരായണൻ രാജ്യത്തിന് നൽകിയതെന്ന് സെൻകുമാർ ചോദിച്ചു. രാജ്യത്തന് വേണ്ടി ചെറിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ ഈ വാദത്തെ സാധൂകരിക്കാൻ വേണ്ടി പറഞ്ഞ ഒരു ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ കേശവൻമാമനായി സെൻകുമാർ ട്രോളിനിരയാക്കപ്പെട്ടത്. വാട്സപ്പിൽ കണ്ട ഒരു വാർത്തയാണ് സെൻകുമാർ പ്രസംഗത്തിൽ പങ്കുവെച്ചത്. ഹെെദരബാദിലെ പതിനാല് വയസുമാത്രം പ്രായമുള്ള ഒരു കുട്ടി കഷ്ടപ്പെട്ട് പെെസ സ്വരുക്കൂട്ടി ഒരു കമ്പ്യൂട്ടർ വാങ്ങി. അവർ ഹാക്ക് ചെയ്തു. ഇതിന് അവന് ശിക്ഷ കിട്ടി. അതിന് ശേഷം അവൻ ഹാക്ക് ചെയ്തത് അമേരിക്കൻ പ്രസിഡന്റിന്റെ വെബ്‌സൈറ്റാണ്. തുടർന്ന് അവർ ഇവിടെ വന്നു ഇവനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. കുട്ടിക്കെതിരെ കേസെടുക്കുകയല്ല ചെയ്തത്. അവന് എത്തിക്കൽ ഹാക്കിങ്ങിന്റെ ട്രെയിനിങ് കൊടുത്തു. ഇന്ന് ലോകത്ത് ഏറ്റവും കൂടതൽ ശമ്പളം വാങ്ങുന്ന ആളാണ് അവൻ. നമ്മുടെ വാട്‌സ് ആപ്പിലൊക്കെ വന്നിട്ടുണ്ട്. എന്നായിരുന്നു സെൻകുമാർ പറഞ്ഞത്.
എന്നാൽ ഹെെദരാബാദിൽ ഇത്തരത്തിൽ യാതൊരുവിധ സംഭവവും നടന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്റിന്റെ വെബ്സെെറ്റ് ആരും ഹാക്ക് ചെയ്തിട്ടുമില്ല. ഡി.ജി.പി പദവി വഹിച്ചിരുന്ന ഒരു വ്യക്തി ഇത്തരം വ്യാജവാർത്ത പറഞ്ഞതിനെ ട്രോളുകയാണ് സോഷ്യൽമീഡിയ. വാട്സപ്പിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കേശവൻമാമൻ എന്ന പേരാണ് ട്രോളന്മാർ നൽകുന്നത്. സെൻകുമാറിന്റെ പ്രസ്താവന വന്നതോട് കൂടി കേശവൻമാമനെ കണ്ടുകിട്ടിയ സന്തോഷത്തിലാണ് ട്രോളന്മാർ.