തിരുവനന്തപുരം: മുൻ ഡി.സി.പി ചൈത്ര തെരേസ ജോൺ സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായി അല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചാണെന്നും പൊലീസിന്റെ റിപ്പോർട്ട്. ഓഫീസിലെ റെയ്ഡിന് ശേഷം ഡി.സി.പി തിരുവനന്തപുരം അഡിഷണൽ സി.ജെ.എം കോടതിയിൽ പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിരുന്നതായും പൊലീസ് സ്റ്റേഷനിൽ ജി.ഡി എൻട്രി രേഖപ്പെടുത്തിയിരുന്നതായും പൊലീസ് വിശദീകരിച്ചു.
ചൈത്ര തെരേസ ജോൺ, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളേജ് സി.ഐ എന്നിവരിൽ നിന്നെല്ലാം ഐ.ജിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ പാർട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നൽകിയ വിശദീകരണം.
മുഖ്യപ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്.
ഡി.സി.പിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിർദ്ദേശമനുസരിക്കുകയിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം. പത്തുമിനിറ്റിൽ താഴെ മാത്രമാണ് മേട്ടുക്കടയിലുള്ള പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥർ ഐ.ജിക്ക് നൽകിയ വിവരം.
കഴിഞ്ഞ 24-ന് രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങൾ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാൽ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല. എന്നാൽ ചൈത്രക്കെതിരെ കടുത്ത നടപടിവേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.