തിരുവനന്തപുരം : ഇന്ത്യ എ ക്രിക്കറ്റ് ടീമിന്റെ എ പ്ളസ് പ്രകടനത്തിന് മുന്നിൽ ഏകദിന പരമ്പര കൈവിട്ട് ഇംഗ്ളണ്ട് ലയൺസ്. കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന മൂന്നാം ഏകദിനത്തിലും വിജയിച്ച ഇന്ത്യ അഞ്ചുമത്സര പരമ്പരയിൽ 3-0 ത്തിന് മുന്നിലെത്തിക്കഴിഞ്ഞു.
ആദ്യ രണ്ട് ഏകദിനങ്ങൾ ബാറ്റ്സ് മാൻമാരുടേതായിരുന്നു. എങ്കിൽ ഇന്നലെ ബൗളർമാരാണ് കാര്യവട്ടത്ത് കളിയൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 47.1 ഒാവറിൽ 172 ന് ആൾ ഒൗട്ടായി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ലയൺസിന് 30.5 ഒാവറിൽ 112 റൺസേ നേടാനായുള്ളൂ.
ഇംഗ്ളണ്ട് ലയൺസിന്റെ ജാമി ഒാവർ ടൺ (മൂന്ന് വിക്കറ്റ്), ലെവിസ് ഗ്രിഗറി, മാത്യു കാർട്ടർ, വിൽജാക്ക്സ്, (രണ്ട് വിക്കറ്റ് വീതം) എന്നിവർ തിളങ്ങിയപ്പോഴാണ് ഇന്ത്യ എ 172 ൽ ഒതുങ്ങിയത്. ദീപക് ചഹർ (39), ഇഷാൻ കിഷൻ (30), ക്രുനാൽ പാണ്ഡ്യ (21) എന്നിവർക്കെ അല്പമെങ്കിലും പിടിച്ചുനിൽക്കാനുള്ളൂ. വിലക്ക് കഴിഞ്ഞെത്തിയ ലോകേഷ് രാഹുൽ (13), ഹനുമവിഹാരി (16), ക്യാപ്ടൻ അജിങ്ക്യ രഹാനെ (0) ശ്രേയസ് അയ്യർ (13), അക്ഷർ പട്ടേൽ (13) തുടങ്ങിയവർ നിരാശപ്പെടുത്തി.
മറുപടിക്കിറങ്ങിയ ലയൺസിനെ കൂട്ടിലടച്ചത് നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നവ്ദീപ് സൈനിയും അക്ഷർ പട്ടേലും ചേർന്നാണ്. 39 റൺസുമായി ബെൻഡക്കറ്റും 28 റൺസുമായി ഒല്ലീപോഷും ലയൺസ് നിരയിൽ പൊരുതി നോക്കി.