ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള വിവാദങ്ങൾക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസം തോറുമുള്ള പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് മോദി കമ്മിഷനെ പ്രശംസിച്ചത്.
രാജ്യത്തെ ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവസരം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇലക്ഷൻ പ്രക്രിയകൾ നടക്കുന്നു. എന്നാൽ ഫലം എക്സ് ആകുമ്പോൾ ഇ.വി.എം ശരിയും ഫലം വൈ ആണെങ്കിൽ ഇ.വി.എം തെറ്റും ആകുന്നതെങ്ങനെയെന്നും പ്രധാനമന്ത്രി ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുപ്പ് നടത്തിപ്പ് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മോദി പറഞ്ഞു. ഹിമാചൽ പ്രദേശിൽ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും ബൂത്ത് തയ്യാറാക്കുന്നത് കമ്മിഷന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മോദി കൂട്ടിച്ചേർത്തു.