harop-drone-

ന്യൂഡൽഹി: യുദ്ധകാലത്ത് ഏതുവലിയ ശത്രുപാളയങ്ങളും ഞൊടിയിടയിൽ തകർക്കാൻ കവിയുന്ന അത്യാധുനിക ഡ്രോണുകൾ ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിക്കുന്നു. 15 അത്യാധുനിക ഹരോപ്‌ ഡ്രോണുകളാണ് ഇന്ത്യൻ വ്യോമസേന വാങ്ങാനൊരുങ്ങുന്നത്.

ആക്രമണത്തിന് മുമ്പ് നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന ഇലക്‌ട്രോ-ഒപ്ടിക്കൽ സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകളാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്. ഇവയുടെ കൂട്ടത്തിലേക്കാണ് ആക്രമണ ശേഷിയുള്ള ഡ്രോണുകൾ വരുന്നത്. അഫ്ഗാനിസ്ഥാൻ,​ ഇറാഖ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്നതിന് സമാനമായ ഡ്രോണുകളാണ് ഇന്ത്യൻ വ്യോമസേനയും സ്വന്തമാക്കുന്നത്. എത്രവലിയ ശത്രുകേന്ദ്രങ്ങളും തകർക്കാൻ ഇവയ്ക്ക് കഴിയും എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിൽ നിന്നാണ് പുതിയ ഡ്രോണുകൾ വാങ്ങുന്നത്.

ഇതിന്റെ പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ പുതിയ ഡ്രോണുകൾ വാങ്ങാനുള്ള നിർദ്ദേശം ചർച്ച ചെയ്യുമെന്നും വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.

ഇതോടൊപ്പം രാജ്യത്തെ മൂന്ന് സുപ്രധാനസേനകളും ചേർന്ന് നടപ്പാക്കുന്ന ചീറ്റ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയുടെ കൈവശമുള്ള ഡ്രോണുകളെ ആക്രമിക്കാൻ ശേഷിയുള്ളതാക്കി മാറ്റാനും നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുക എന്നതുമാണ് ചീറ്റ പദ്ധതി.