baba-

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ സന്യാസിമാർക്ക് ഭാരതരത്നം നൽകാത്ത കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി യോഗാഗുരു ബാബാ രാംദേവ് രംഗത്ത്. സ്വാതന്ത്ര്യം ലഭിച്ചതിന് 70 വർഷങ്ങൾ പിന്നിടുമ്പോഴും ഇതുവരെ ഒരു സന്യാസിയെപ്പോലും ഭാരതരത്നത്തിന് പരിഗണിച്ചില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. ഏതെങ്കിലും കായിക താരങ്ങളോ രാഷ്ട്രീയ നേതാക്കളോ നൽകുന്നതിനേക്കാൾ ഒട്ടും ചെറുതല്ല ഇവർ ചെയ്യുന്ന സംഭാവന. മഹർഷി ദയാനന്ദ, സ്വാമി വിവേകാനന്ദ തുടങ്ങിയവരുടെ സംഭാവനകൾ വിലമതിക്കാനാവുന്നതാണോയെന്നും രാംദേവ് ചോദിച്ചു.

മദർ തെരേസയ്ക്ക് ഭാരതരത്നം നൽകിയത് അവർ ക്രിസ്ത്യാനി ആയതു കൊണ്ടാണ്. എന്നാൽ മറ്റ് സന്യാസിമാർക്ക് ആർക്കും തന്നെ കൊടുത്തിട്ടില്ല. ഈ രാജ്യത്ത് ഹിന്ദുവായിരിക്കുന്നത് കുറ്റമാണോ. രാംദേവ് ചോദിച്ചു. ഭാരതരത്നം നേടിയ എല്ലാവരേടും എനിക്ക് അതിയായ ബഹുമാനമുണ്ട്. എന്നാൽ സന്യാസികൾക്ക് ലഭിക്കാത്തതാണ് തന്റെ പ്രതിഷേധത്തിന് കാരണമെന്നും രാംദേവ് പറഞ്ഞു.

കേന്ദ്രസർക്കാറുമായ ഇടഞ്ഞു നിൽക്കുന്ന രാംദേവിന്റെ നീരസമാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2014 ബി.ജെ.പിയെ പിന്തുണച്ച രാംദേവ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.