gadkari-

ന്യൂഡൽഹി: നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള വാഗ്‌ദാനങ്ങൾ മാത്രമേ ജനങ്ങൾക്ക് നൽകാവൂ എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ രാഷ്ട്രീയ നേതാക്കളെ കൈകാര്യം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന നേതാക്കളെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ആ സ്വപ്‌നങ്ങൾ പൂർത്തീകരിച്ചു കൊടുക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടാൽ ജനങ്ങൾ അവരെ തല്ലും. അതു കൊണ്ട് നിങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയും എന്നുറപ്പുള്ള സ്വപ്‌നങ്ങൾ മാത്രം ജനങ്ങൾക്ക് നൽകണമെന്ന് ഗഡ്കരി പറഞ്ഞു.വെറും വാഗ്ദാനങ്ങൾ മാത്രം നൽകുന്ന നേതാക്കളിലൊരാളല്ല താനെന്നും ഗഡ്കരി പറഞ്ഞു. നൽകിയ വാഗ്ദാനങ്ങൾ നൂറു ശതമാനവും ഞാൻ നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകിയാണ് 2014ൽ ബി.ജെ.പി ഭരണത്തിൽ വന്നതെന്ന് നിതിൻ ഗഡ്കരി പറയുന്ന വീഡിയോ വിവാദമായിരുന്നു.

നേരത്തെ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പരാജയത്തിന് ശേഷം ബി.ജെ.പി നേതൃത്വത്തെ വിമർശിച്ചു കൊണ്ടും ഗഡ്കരി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിക്ക് പകരം നിതിൻ ഗഡ്‌കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർ.എസ്.എസ് നേതൃത്വം ഉയർത്തിക്കൊണ്ട് വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഗഡ്‌കരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാൽ തങ്ങൾ പിന്തുണയ്‌ക്കാമെന്ന് ശിവസേന പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിനിടയിലാണ് മോദിയ്‌ക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെടുന്ന തരത്തിൽ ഗഡ്‌കരിയുടെ പ്രസ്‌താവന വന്നത്. ഗഡ്‌കരി മോദിയെക്കുറിച്ച് തന്നെയാണ് പറഞ്ഞതെന്ന തരത്തിൽ രാഷ്ട്രീയ വിവാദവും ആരംഭിച്ചിട്ടുണ്ട്.