തൃശൂർ: ശബരിമല വിഷയത്തിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി.യതീഷ് ചന്ദ്രയും തമ്മിൽ നടന്ന വാക്കുതർക്കം ദേശീയ തലത്തിൽ തന്നെ വൻവിവാദമായിരുന്നു. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തുകയും പൊൻ രാധാകൃഷ്ണൻ അവകാശലംഘനത്തിന് ലോക്‌സഭയിൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
‘കേരളത്തിലെ ബി.ജെ.പി നേതാക്കൻമാർ യതീഷ് ചന്ദ്ര ഐ.പി.എസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ഡൽഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോൾ കേന്ദ്രം തൃശൂര്‍ വന്ന് അദ്ദേഹത്തെ കണ്ടു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പൊൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങൾ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്.
മറ്റ് വാഹനങ്ങള്‍ കടത്തി വിട്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് മന്ത്രി ഉത്തരവാദിയാകുമോ എന്നും എസ്.പി ചോദിച്ചു. മന്ത്രി ഉത്തരവിട്ടാൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും എസ്.പി മറുപടി നല്‍കി. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് മന്ത്രിയും സംഘവും സന്നിധാനത്തേക്ക് പോയത്.
ഇതായിരുന്നു ബി.ജെ.പിയെ ചൊടിപ്പിച്ചത്. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലംമാറ്റണമെന്നായിരുന്നു സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. യതീഷ് ചന്ദ്രക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികലയെയും അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.