കൊച്ചി: ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) കുതിപ്പിൽ വിനോദ സഞ്ചാര മേഖലയുടെ പങ്ക് കുത്തനെ ഉയരുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കനുസരിച്ച് 2017ൽ ഇന്ത്യൻ ജി.ഡി.പിയിൽ 9.4 ശതമാനമായിരുന്നു ടൂറിസത്തിന്റെ പങ്ക്. അതായത് 21,460 കോടി ഡോളർ. 2018ൽ ജി.ഡി.പിയിലെ പങ്ക് 9.4 ശതമാനം തന്നെ ആയിരുന്നെങ്കിലും മൂല്യം 7.5 ശതമാനം വർദ്ധിച്ച് 23,080 കോടി ഡോളറിലെത്തി.
വിപണി നിരീക്ഷകരായ 'സ്റ്രാറ്രിസ്റ്റ"യുടെ റിപ്പോർട്ട് പറയുന്നത് 2018ൽ ജി.ഡി.പിയിൽ ടൂറിസത്തിന്റെ വിഹിതം പത്ത് ശതമാനമായിരുന്നു എന്നാണ്. മൂല്യം 25,000 കോടി ഡോളറും. 2013ൽ 11,320 കോടി ഡോളറും 2015ൽ 12,949 കോടി ഡോളറുമായിരുന്നു ഇന്ത്യൻ വിനോദ സഞ്ചാരമേഖലയുടെ മൂല്യം. 2016ൽ ഇത് കുത്തനെ 20,890 കോടി ഡോളറിലേക്ക് ഉയർന്നു. 2028ൽ മൂല്യം 49,000 കോടി ഡോളർ കവിയുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യൻ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് വീസ (ഇ-വീസ) സൗകര്യം ലഭ്യമാക്കിയതും വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധന വരുത്തുന്നുണ്ട്. 'ഇൻക്രെഡിബിൾ ഇന്ത്യ" വെബ്സൈറ്ര് മുഖേനയുള്ള കാമ്പയിനുകളും ഇന്ത്യൻ ടൂറിസത്തിന് നേട്ടമാകുന്നുണ്ട്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറുന്നതിന് മുമ്പ് പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇന്ത്യ ഇ-വീസ സൗകര്യം നൽകിയിരുന്നത്. മോദി സർക്കാർ ഇത് 2017ൽ 161 രാജ്യങ്ങളിലേക്ക് ഉയർത്തി. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള 26 വിമാനത്താവളങ്ങളിലും കൊച്ചി അടക്കം അഞ്ച് തുറമുഖങ്ങളിലും ഇ-വീസ സൗകര്യം വിദേശ സഞ്ചാരികൾക്ക് ലഭ്യമാണ്.