anant-kumar-hedge

ബംഗളൂരു: താജ്മഹൽ യഥാർത്ഥത്തിൽ ശിവ ക്ഷേത്രമായിരുന്നെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ്‌ഡെ പറഞ്ഞു. താജ്മഹൽ നിർമ്മിച്ചത് ഷാജഹാനല്ല മറിച്ച് രാജാ ജയസിംഹയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജാ ജയസിംഹയുടെ പക്കൽ നിന്നും താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം താൻ വാങ്ങിയതാണെന്ന് ഷാജഹാന്റെ ആത്മകഥയിൽ പറയുന്നുണ്ട്. രാജാ പരമതീർത്ഥ നിർമ്മിച്ച ശിവ് മന്ദിർ ആയിരുന്നു അത്. അതിന്റെ പേര് തേജോ മഹല്യ എന്നായിരുന്നു. അത് പിന്നീട് താജ്മഹൽ എന്നാക്കുകയായിരുന്നു. താജ്മഹൽ നിർമ്മിച്ചത് മുസ്‌ലിംങ്ങളല്ല’- ഹെഗ്ഡെ പറഞ്ഞു.

‘നമ്മൾ ഉറക്കം തുടരുകയാണെങ്കിൽ നമ്മുടെ വീടുകളെ അവർ മസ്ജിദ് എന്നു വിളിക്കും. അവർ നമ്മുടെ ദൈവമായ രാമനെ ജഹൻപാന എന്നും സീതയെ ബിബി എന്നും വിളിക്കു'മെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴി‌ഞ്ഞ ദിവസം ഹിന്ദുപെൺകുട്ടികളെ തൊടുന്നവന്റെ കൈ വെട്ടിക്കളയണമെന്ന് ഹെഗ്ഡെ വിവാദ പരാമർശമുയർത്തിയിരുന്നു. കർണാടകയിലെ കുടകിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്‌താവന.

'നമ്മുടെ ചിന്തകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണം. ഏത് മതക്കാരനായാലും ജാതിക്കാരനായാലും ഹിന്ദു പെൺകുട്ടിയെ തൊടുന്ന കൈ വെട്ടിക്കളയണം ’ കേന്ദ്രമന്ത്രി പറഞ്ഞു. 2017ൽ ഭരണഘടന മാറ്റുമെന്ന് പറഞ്ഞും ആനന്ദ് കുമാർ ഹെഗ്ഡെ വിവാദത്തിൽപെട്ടിരുന്നു.