തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് കോട്ടയം മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കർണാടക പൊലീസ്. കേരളം കാത്തിരുന്ന സന്തോഷ വാർത്ത ഉടനെത്തും. എന്നാൽ ജസ്‌നയെ പിന്തുടരാൻ ഉദ്ദേശമില്ലെന്നും കർണാടക പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കർണാടക പൊലീസ് ഇക്കാര്യം അറിയിച്ചത്. ഒരു പ്രമുഖ മലയാളം പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
പുറകേ പോകേണ്ടെന്ന് പൊലീസ്
ജസ്‌ന ഇപ്പോൾ എവിടെയുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ പിന്നാലെ പോകേണ്ടെന്നാണ് കേരള പൊലീസ് തീരുമാനം. തിരികെ എത്തുമെന്ന കർണാടക പൊലീസിന്റെ സൂചന വിശ്വാസത്തിലെടുക്കാനാണ് കേരള പൊലീസിന്റെ തീരുമാനം.
കാണാതാകുന്നത് മാർച്ചിൽ
കഴിഞ്ഞ മാർച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജസ്‌നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസിൽ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്‌നയെക്കുറിച്ച് ആർക്കും ഒരറിവുമില്ല. മൊബൈൽ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല. അന്ന് രാത്രി ഏഴുമണിയോടെ പിതാവ് പൊലീസിൽ പരാതി നല്കി. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അരിച്ചുപെറുക്കി പരിശോധന
കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മലപ്പുറത്തും തൃശൂരിലും, തിരുവനന്തപുരത്തും പൊലീസ് തെരച്ചിൽ നടത്തി. ഗോവ, പൂനെ എന്നിവിടങ്ങളിലെ കോൺവന്റുകളിൽ ജസ്നയുണ്ടെന്ന സന്ദേശങ്ങളെ തുടർന്ന് പൊലീസ് അവിടങ്ങളിലും എത്തിയിരുന്നു. അതിനിടെ ജസ്‌നയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. 'താൻ മരിക്കാൻ പോവുന്നു എന്നായിരുന്നു' ജസ്‌ന അയച്ച അവസാന മെസേജ്. മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണ് ജസ്‌ന ഈ മെസേജ് അയച്ചിരുന്നത്. നേരത്തെ സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന ഈ യുവാവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും കിട്ടിയില്ല. യുവാവ് ആയിരത്തിലധികം തവണ ജസ്‌നയെ മൊബൈലിൽ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. അതിലും സംശയത്തക്ക വിധമുള്ള കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.
അഞ്ചുലക്ഷം ഇനാം
കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നതിനെ തുടർന്ന് എന്തെങ്കിലും സൂചന നല്കുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇൻഫർമേഷൻ ബോക്‌സുകൾ സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിച്ചു. ബോക്സിൽ നൂറിലധികം കത്തുകൾ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.