രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഇന്ത്യയെ ഇനി ആരു ഭരിക്കണം? രാജ്യത്തെ വിഭജനത്തിലേക്കും അഴിമതിയിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിയിട്ട, വാഗ്ദാനങ്ങളെല്ലാം ലംഘിച്ച, തികഞ്ഞ പരാജയമായ മോദി ഒരു വശത്ത്. നിർഭയനും വിനയാന്വിതനുമായ രാഹുൽ ഗാന്ധി മറുവശത്ത്.
യുവാക്കൾ നയിക്കട്ടെ
ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള ഇന്ത്യയെ നയിക്കാൻ 48 കാരനായ രാഹുലാണ് ഏറ്റവും അനുയോജ്യൻ. ഇംഗ്ലണ്ടിലെ വിഖ്യാതമായ കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിൽ നിന്നു ഡെവലപ്മെന്റ് സ്റ്റഡീസിൽ എംഫിൽ നേടിയ രാഹുലിന്, അതിവേഗം വളരേണ്ട രാജ്യത്തെ നയിക്കാനുള്ള ബൗദ്ധിക പിൻബലമുണ്ട്. ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോൺ (39), ഇന്ത്യയിൽ രാജീവ് ഗാന്ധി (40), ബ്രിട്ടനിൽ ടോണി ബ്ലയറും (43), ഡേവിഡ് കാമറണും (43), കാനഡയിൽ ജസ്റ്റിൻ ട്രൂഡോ (43), അമേരിക്കയിൽ ബറാക് ഒബാമ (47) എന്നീ യുവനേതാക്കൾ വിജയകരമായി രാജ്യം നയിച്ചവരാണ്.
വിനയാന്വിതൻ
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ മഹത്തായ പാരമ്പര്യം പേറുന്ന കുടുംബത്തിൽനിന്ന് വരുന്ന രാഹുൽഗാന്ധി, തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയും സഹിഷ്ണതാ വക്താവുമാണ്. ഗാന്ധിജിയെയും നെഹ്രുവിനെയും നെഞ്ചിലേറ്റിയ ഭാരതത്തെ, വിനയമില്ലാത്ത ഒരാൾക്ക് പ്രതിനിധീകരിക്കാനാവില്ലെന്ന് രാഹുൽ പറയുന്നു.
'ഞാൻ മരിക്കുന്ന നിമിഷം വരെ എന്റെ കാതും ഹൃദയവും തുറന്നുവച്ചിരിക്കും. നിങ്ങൾ ഏതു രാഷ്ട്രീയ ചിന്താഗതിക്കാരും ഭാഷസംസാരിക്കുന്നവരും മതത്തിൽ വിശ്വസിക്കുന്നവരുമാകട്ടെ, നിങ്ങളെ കേൾക്കാൻ ഞാൻ സന്നദ്ധനാണ്. " ദുബായിൽ മുഴങ്ങിയ ഈ ശബ്ദം വിദ്യുത് തരംഗം പോലെയാണ് രാജ്യത്തും വിദേശത്തും കത്തിപ്പടർന്നത്.
ഇന്ത്യയുടെ ആത്മാവിനെ തേടി
2004ലും 2009ലും അമേതിയിൽ നിന്ന് എം.പിയായ രാഹുലിന് യു.പി.എ സർക്കാരിൽ ഏതു താക്കോൽസ്ഥാനവും ലഭ്യമായിരുന്നെങ്കിലും അദ്ദേഹം മാറിനിന്നു. 2007ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ രാഹുൽ 10 വർഷം കഴിഞ്ഞാണ് പ്രസിഡന്റായത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രം. ഒരു സംവത്സരം ഗ്രാമീണവീടുകളിൽ അന്തിയുറങ്ങിയും തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചും സെക്കൻഡ് ക്ലാസ് ട്രെയിനിൽ യാത്രചെയ്തും അദ്ദേഹം ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തി.
ആരോടും വെറുപ്പില്ലാതെ
കോൺഗ്രസ് മുക്തഭാരതമാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നു വ്യക്തമാക്കിയപ്പോൾ, അവർ കൂടി ഉൾപ്പെട്ട ഭാരതമാണു തന്റെ മനസിലുള്ളതെന്ന് രാഹുൽ. നുണഫാക്ടറികളിലൂടെ സംഘപരിവാറിന്റെ സോഷ്യൽ മീഡിയ രാഹുലിനെതിരെ ആർത്തലച്ചു. സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ മോദിസർക്കാർ കള്ളക്കേസുകൾ പടച്ചുണ്ടാക്കി.
കർഷകരുടെ വേദന
മോദി സർക്കാരിന്റെ നോട്ട് നിരോധനം ഉൾപ്പെടെയുള്ള ഭ്രാന്തൻ നയങ്ങൾ മൂലം അസംഖ്യം കർഷകരാണ് ആത്മഹത്യ ചെയ്തത്. കാർഷിക ഉത്പന്നങ്ങൾക്ക് 50 ശതമാനം ലാഭം നല്കുമെന്നായിരുന്നു പൊള്ളയായ വാഗ്ദാനം. ലക്ഷക്കണക്കിനു കർഷകർ കടക്കെണിയിലായി. രാജ്യമെമ്പാടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാഹുൽ അവരോടൊപ്പം അണിചേർന്നു. കർഷകരുടെ കടം എഴുതിത്തള്ളണം എന്നാവശ്യപ്പെടുകയും കോൺഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ നടപ്പാക്കുകയും ചെയ്തു. കുതിച്ചുയരുന്ന തൊഴിലില്ലായ്മയാണ് രാഹുലിനെ അസ്വസ്ഥനാക്കുന്ന മറ്റൊരു വിഷയം. പ്രതിവർഷം രണ്ടുകോടി യുവാക്കൾക്ക് തൊഴിൽ നല്കുമെന്നു വ്യാമോഹിപ്പിച്ച് അധികാരത്തിലേറിയ മോദി സർക്കാർ, ദിവസംതോറും 450 പേർക്ക് മാത്രമാണ് തൊഴിൽ നല്കുന്നത് . പ്രതിവർഷം 1.64 ലക്ഷം തൊഴിൽ മാത്രം.
റാഫേൽ അഴിമതി
2012ൽ യു.പി.എ സർക്കാരിന്റെ കാലത്ത് അന്തർദേശീയ ലേലപ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഫ്രഞ്ച് റാഫേൽ വിമാനനിർമാതാക്കളായ ഡാസോ ഏവിയേഷനുമായി സർക്കാർ ചർച്ചനടത്തുകയും സേനയ്ക്ക് 126 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ഒരു വിമാനത്തിന്റെ വില 526.10 കോടി രൂപയായി നിശ്ചയിച്ചു. മോദിസർക്കാർ 36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നു. ഒരു വിമാനത്തിന് 1670.0 കോടി രൂപ. യു.പി.എ സർക്കാരിന്റെ നിരക്കനുസരിച്ച് 36 യുദ്ധവിമാനങ്ങൾക്ക് 18,940 കോടിയും മോദി സർക്കാരിന്റെ നിരക്കനുസരിച്ച് 60,145 കോടി രൂപയുമാകും. 41,205 കോടി രൂപയാണ് അധികം നല്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി !
വിഭജിക്കപ്പെട്ട ഇന്ത്യ
എഴുത്തുകാരൻ ഗോവിന്ദ് പൻസാരെ, മാധ്യമപ്രവർത്തക ഗൗരിലങ്കേഷ്, സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ധബോൽക്കർ, മുൻ വൈസ് ചാൻസലർ എം.എം. കൽബുർഗി തുടങ്ങിയവരെ ഫാസിസ്റ്റ് ശക്തികൾ കൊന്നൊടുക്കിയപ്പോൾ രാഹുൽ അവർക്കെതിരെ ആഞ്ഞടിച്ചു. ഗോസംരക്ഷണത്തിന്റെ പേരിൽ പുറപ്പെടുവിച്ച കശാപ്പുനിയന്ത്രണ വിജ്ഞാപനം സംഘപരിവാരങ്ങൾ നടപ്പാക്കിയപ്പോൾ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. എന്തു കഴിക്കണം, ധരിക്കണം, കാണണം, കേൾക്കണം, ചിന്തിക്കണം, വിശ്വസിക്കണം എന്നതൊക്കെ ഭരണകൂടം നിശ്ചയിക്കുന്നതോടെ ബഹുസ്വരത കത്തിച്ചാമ്പലായി. അസഹിഷ്ണുത മൂലം വിഭജിക്കപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കുമെന്ന് രാഹുൽ ഉറപ്പുനല്കുന്നു.
ഫിനിക്സ് പക്ഷി
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 സീറ്റായി ചുരുങ്ങിയ കോൺഗ്രസിനെ പോരാട്ടപാതയിലേക്കു നയിക്കാൻ രാഹുലിന് സാധിച്ചു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നേരിട്ടുള്ള പോരാട്ടത്തിലാണ് ബി.ജെ.പിയെ മലർത്തിയടിച്ചത്. കർണാടകത്തിൽ തന്ത്രപരമായ നീക്കത്തിലൂടെ ഭരണം നിലനിറുത്തി. ഗുജറാത്തിൽ ബി.ജെ.പിയെ വിറപ്പിച്ചുവിട്ടു. പഞ്ചാബ് കോൺഗ്രസ് ഭരിക്കുമ്പോൾ, ഗോവ, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അതിശക്തമായ തിരിച്ചുവരവ് 2019ൽ ആവർത്തിക്കും.
പ്രതിപക്ഷ ഐക്യം
ബി.ജെ.പിക്കെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ മതേതര, ജനാധിപത്യ പ്രതിപക്ഷനിര രൂപപ്പെട്ടു . ചന്ദ്രബാബു നായിഡു , ശരത്പവാർ , എം.കെ. സ്റ്റാലിൻ , സീതാറാം യെച്ചൂരി , അഖിലേഷ് യാദവ് , തേജസ്വിനി യാദവ് , എച്ച്.ഡി ദേവഗൗഡ, ഒമർ അബ്ദുള്ള , പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയ നിരവധി നേതാക്കൾ പ്രതിപക്ഷനിരയിലുണ്ട്. ഡൽഹിയിലും ആന്ധ്രയിലും നടക്കുന്ന പ്രതിപക്ഷ സംഗമത്തിൽ കൂടുതൽ പാർട്ടികൾ അണിനിരക്കും.
കോൺഗ്രസിന് ഉണർവ്
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയാണ് രാഹുൽ എ.ഐ.സി.സി അദ്ധ്യക്ഷനായത്. സീനിയർ നേതാക്കളെയും യുവാക്കളെയും ഉൾപ്പെടുത്തി പ്രവർത്തകസമിതി പുന:സംഘടിപ്പിച്ചു. സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളും പോഷക സംഘടനകളും പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി ചലനാത്മകമാക്കി. കോൺഗ്രസ് പ്രവർത്തകരുമായി നേരിട്ടു ബന്ധപ്പെടുന്ന ശക്തി ഡിജിറ്റൽ പദ്ധതി വൻ വിജയമായി.
രാഹുൽഗാന്ധി എല്ലാ ചോദ്യങ്ങളെയും പുഞ്ചിരിയോടെ നേരിടുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും സംവദിക്കുന്നു. ഭരണഘടനയെയും ഭരണഘടനാവകാശങ്ങളെയും ബഹുമാനിക്കുന്നു. ഒരു ട്രാൻസ്ജൻഡറിനെ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കിയ വിശാലമായ കാഴ്ചപ്പാട്. സമകാലിക ഇന്ത്യയുടെ സമസ്യകൾക്ക് രാഹുൽ ഗാന്ധിയാണ് ഉത്തരം.